സ്വാശ്രയ മെഡി. കോളജുകളില്‍ പകുതി സീറ്റില്‍ സര്‍ക്കാര്‍ ഫീസ്: കേരളത്തില്‍ നടപ്പാക്കേണ്ടന്ന് ഹൈക്കോടതി

സ്വാശ്രയ മെഡി. കോളജുകളില്‍ പകുതി സീറ്റില്‍ സര്‍ക്കാര്‍ ഫീസ്: കേരളത്തില്‍ നടപ്പാക്കേണ്ടന്ന് ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കണമെന്ന നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ (എന്‍.എം.സി) നിര്‍ദേശം കേരളത്തില്‍ നടപ്പാക്കേണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. എന്‍.എം.സി നിര്‍ദ്ദേശത്തിനെതിരെ കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍, കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്തണമെന്നാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്. ഇതു നിയമപരമല്ലെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതു പാലിക്കേണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ഫീസ് നിര്‍ണയിക്കുന്ന കാര്യത്തില്‍ എന്‍.എം.സിയുടെ മറ്റു നിര്‍ദേശങ്ങള്‍ അഡ്മിഷന്‍ ആന്‍ഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി പാലിക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

2017ല്‍ കേരള മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആക്ട് നിലവില്‍ വന്നതോടെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ മാനേജ്‌മെന്റ് ക്വാട്ട, സര്‍ക്കാര്‍ ക്വാട്ട എന്ന വേര്‍തിരിവ് ഉണ്ടായിട്ടില്ല. എല്ലാ സീറ്റുകളിലേക്കും എന്‍ട്രന്‍സ് കമ്മിഷണറാണ് അലോട്ട്‌മെന്റ് നടത്തുന്നത്. ആ നിലയ്ക്ക് 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കണമെന്ന എന്‍.എം.സിയുടെ നിര്‍ദേശം നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

50 ശതമാനം മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കിയാല്‍ ശേഷിച്ച 50 ശതമാനം സീറ്റില്‍ പ്രവേശനം നേടുന്നവരില്‍ നിന്ന് കോളേജിന്റെ നടത്തിപ്പിനും മറ്റുമായി വലിയ തുക ഫീസായി ഈടാക്കേണ്ടി വരും. ഇതൊഴിവാക്കി കോളേജ് നടത്തിപ്പിനുള്ള ചെലവു കണക്കാക്കി കുറഞ്ഞ ഫീസ് ഈടാക്കാനാണ് സംസ്ഥാനത്തു ഫീസ് നിര്‍ണയ സമിതി അനുമതി നല്‍കുന്നത്.

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയത് ക്രോസ് സബ്സിഡിയെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് കോടതിക്ക് ഉറപ്പുണ്ട്. ഒരു വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കി മറ്റൊരു വിഭാഗത്തെ പഠിപ്പിക്കുകയെന്ന ഈ ഇടപാട് സുപ്രീം കോടതി വിലക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്തൊട്ടാകെയുള്ള നിര്‍ദേശമെന്ന നിലയ്ക്കാണ് ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചതെന്നും സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഇതില്‍ മാറ്റം വരുത്താമെന്നും ദേശീയ മെഡിക്കല്‍ കമ്മിഷന്‍ വിശദീകരിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നടപടി സ്വീകരിച്ചതിനാല്‍, എന്‍.എം.സിയുടെ നിര്‍ദ്ദേശങ്ങള്‍ അനുബന്ധമായി കണ്ടാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.