ഗ്രീന്‍ലാന്‍ഡില്‍ 'സോംബി ഐസ്' ഉരുകുന്നു: സമുദ്ര നിരപ്പ് അപകടകരമാംവിധം ഉയരുമെന്ന് ഗവേഷകര്‍

ഗ്രീന്‍ലാന്‍ഡില്‍ 'സോംബി ഐസ്' ഉരുകുന്നു: സമുദ്ര നിരപ്പ് അപകടകരമാംവിധം ഉയരുമെന്ന് ഗവേഷകര്‍

കോപ്പന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡില്‍ നിരന്തരമായി മഞ്ഞുരുകുന്നത് സമുദ്ര നിരപ്പ് 10 ഇഞ്ചിലധികം ഉയരാന്‍ കാരണമാകുമെന്ന് ഗവേഷകര്‍. സോംബി ഐസ് എന്ന് വിളിക്കുന്ന കൂറ്റന്‍ മഞ്ഞുപാളികളാണ് ഈ ആശങ്കപ്പെടുത്തുന്ന പ്രതിഭാസത്തിനു കാരണമെന്നാണ് പുതിയൊരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഡെന്മാര്‍ക്കിലെയും ഗ്രീന്‍ലാന്‍ഡിലെയും ജിയോളജിക്കല്‍ സര്‍വേയിലെ ഗവേഷകരാണ് പഠനം നടത്തിയത്. തികച്ചും ജീവനില്ലാത്ത (പോഷണമില്ലാത്ത മഞ്ഞ്) കൂറ്റന്‍ മഞ്ഞുപാളി ഉടന്‍ തന്നെ അപ്രത്യക്ഷമാകുമെന്നാണ് ഗവേഷരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ എന്തു നടപടികള്‍ സ്വീകരിച്ചാലും ഉടന്‍ ഈ മഞ്ഞുരുകി കടലില്‍ പതിക്കുമെന്ന് ഗ്ലേഷ്യോളജിസ്റ്റായ വില്യം കോള്‍ഗന്‍ വ്യക്തമാക്കുന്നു.

കാലാവസ്ഥാ പ്രതിസന്ധിക്കു കാരണമാകുന്ന ഫോസില്‍ ഇന്ധനം കത്തിക്കുന്നത് ഒറ്റ രാത്രികൊണ്ട് അവസാനിപ്പിച്ചാല്‍ പോലും മഞ്ഞുമല ഉരുകുന്നതു തടയാനാകില്ലെന്നു ഗവേഷകര്‍ പറയുന്നു.

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ ഉരുകുമെന്നത് ശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതില്‍ ഇരട്ടിയിലധികം മഞ്ഞുരുകുന്നത് വേഗത്തില്‍ സമുദ്ര നിരപ്പുയരാന്‍ കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ ഇതുവരെ 120 ട്രില്യണ്‍ ടണ്ണിലധികം (110 ട്രില്യണ്‍ മെട്രിക് ടണ്‍) ഐസ് ഉരുകിയിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

ഭാവിയില്‍ സമുദ്ര നിരപ്പ് 30 ഇഞ്ച് (78 സെന്റീമീറ്റര്‍) വരെ ഉയരുമെന്നാണ് നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലെ പ്രവചനം. കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ റിപ്പോര്‍ട്ടില്‍, ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് വഴി 2100-ല്‍ രണ്ടു മുതല്‍ അഞ്ച് ഇഞ്ച് വരെ സമുദ്ര നിരപ്പ് ഉയരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ പഠനത്തില്‍ ഈ കണക്കുകള്‍ ഇരട്ടിയാകുന്നു.

ആഗോള താപനം, നിരന്തരമായ കാര്‍ബണ്‍ ബഹിര്‍ഗമനം, സമുദ്ര താപനിലയിലെ വ്യതിയാനം എന്നിവയൊക്കെ സമുദ്രനിരപ്പ് ഉയരാന്‍ കാരണമാകുന്നുണ്ട്. കോടിക്കണക്കിന് ആളുകളാണ് തീരപ്രദേശങ്ങളില്‍ താമസിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായ വെള്ളപ്പൊക്കം മൂലം ഇപ്പോള്‍ തന്നെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സമുദ്രനിരപ്പ് ഉയരുന്നത് കൂടുതല്‍ ആഘാതം സൃഷ്ടിക്കും.

സോംബി മഞ്ഞു പാളികള്‍ സമനിലയിലാണോ എന്ന് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നു. ഗ്രീന്‍ലാന്‍ഡ് പര്‍വതനിരകളിലെ മഞ്ഞുരുകി താഴേക്ക് ഒഴുകി മഞ്ഞ് കൂനയില്‍ കൂടിച്ചേര്‍ന്ന് വീണ്ടും കട്ടിയാകുന്നു. തുടര്‍ന്ന് വീണ്ടും വലിയ തോതില്‍ മഞ്ഞ് ഉരുകുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മഞ്ഞു പാളിയുടെ ഉരുകല്‍ ക്രമാതീതമായി വര്‍ധിച്ചത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിച്ചതായും ഇത് വലിയ അപകടത്തിലേക്കു നയിക്കുമെന്നു പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

എല്ലാ സമുദ്രങ്ങളിലും വ്യത്യസ്ത അളവിലായിരിക്കും ജലനിരപ്പുയരുന്നത്. സമുദ്ര നിരപ്പ് കൂടുതല്‍ ഉയരുന്ന സ്ഥലങ്ങളില്‍ വേലിയേറ്റം, കൊടുങ്കാറ്റ് പോലുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടാകാന്‍ കാരണമാകും. ഇത് സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ജിയോ സയന്‍സ് പ്രൊഫസര്‍ എല്ലിന്‍ എന്‍ഡര്‍ലിന്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൂട് കൂടിയ കാപ്പിയില്‍ ഐസ് ക്യൂബുകളിടുന്നത് പോലെയാണ് ഇപ്പോള്‍ മഞ്ഞുരുകുന്നതെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗ്ലേഷ്യോളജിസ്റ്റ് റിച്ചാര്‍ഡ് അലെ വ്യക്തമാക്കി.

ഹിമ പാളികള്‍ പൂര്‍ണമായും ഉരുകുന്നത് എന്നാണെന്ന് പ്രവചിക്കാനാവില്ല എന്തായാലും 2150 വര്‍ഷത്തിന്റെ അവസാനത്തോടെ പൂര്‍ണമായും ഉരുകി തീരുമെന്ന് കരുതുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷമാണ് ഏറ്റവുമധികം മഞ്ഞ് ഉരുകിയത്. ഈ വര്‍ഷത്തെ പോലെ തന്നെ തുടര്‍ന്നാല്‍ 30 ഇഞ്ച് വരെ സമുദ്രനിരപ്പ് ഉയരാന്‍ കാരണമാകുമെന്നാണ് പഠന റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.