'പാര്‍ട്ടി കൊടികള്‍ വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല'; നിയമസഭയില്‍ മന്ത്രി പി. രാജീവ്

'പാര്‍ട്ടി കൊടികള്‍ വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല'; നിയമസഭയില്‍ മന്ത്രി പി. രാജീവ്

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നില്‍ കുത്താനുള്ളതല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഏത് പാര്‍ട്ടിയുടേതായാലും അങ്ങനെ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തലശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ല എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

2022-ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനങ്ങളും സംബന്ധിച്ച ചര്‍ച്ചയുടെ മറുപടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തലശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ എതിര്‍പ്പുകള്‍ ഭയന്ന് നാടുവിട്ട സംഭവം പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

വ്യവസായ സംരംഭക സംസ്ഥാനമാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും സംരഭം നടത്താന്‍ എത്തുന്നവര്‍് എതിര്‍പ്പുകള്‍ ഭയന്ന് ഓടുന്ന സ്ഥിതിയാണ് ഉണ്ടായതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ പ്രതിരോധിച്ചെങ്കിലും മന്ത്രി പിന്തുണച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നടത്തിയ ന്യായീകരണങ്ങള്‍ പൂര്‍ണമായും ശരിയല്ല എന്നതു കൊണ്ടാണ് അവര്‍ക്കെതിരെ നടപടി ഉണ്ടായതെന്നായിരുന്നു മന്ത്രി വിശദീകരണം.

കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും തൊഴിലാളി യൂണിയനുകളുടേയും സഹകരണം വേണമെന്നാണ് പി. രാജീവ് അഭ്യര്‍ഥിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.