സാമൂഹ്യ പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

സാമൂഹ്യ പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയാണ് മേരി റോയി. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീകള്‍ക്ക് അനുകൂലമായ വിധി സമ്പാദിച്ച പോരാളി കൂടിയാണ് മേരി റോയ്.

പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.
കോട്ടയത്തെ ആദ്യ സ്‌കൂളായ റവ. റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യന്റെ പേരക്കുട്ടിയും പി.വി ഐസക്കിന്റെ മകളുമായി 1933ല്‍ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചെന്നൈ ക്വീന്‍ മേരീസ് കോളജില്‍ നിന്ന് ബിരുദവും നേടി.

കൊല്‍ക്കത്തയിലെ ഒരു കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടില്‍ താമസമാക്കി. പിന്നീട് ആ വീടിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കോടതിയിലെത്തി സ്ത്രീകള്‍ക്ക് അനുകൂലമായ വിധിയിലേയ്ക്ക് വരെ എത്തിച്ചത്.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തെ ചോദ്യം ചെയ്ത് മേരി റോയ് നടത്തിയ നിയമ പോരാട്ടമാണ് സ്ത്രീകള്‍ക്ക് പിതൃസ്വത്തിന് അര്‍ഹതയുണ്ടെന്ന സുപ്രധാന വിധിക്ക് വഴിവച്ചത്. 1986ലാണ് തിരുവിതാംകൂര്‍ കൊച്ചിന്‍ പിന്തുടര്‍ച്ച അവകാശ നിയമം അസാധുവാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.