'തന്റെ മടിയില്‍ വളര്‍ന്ന കുട്ടി, ഇപ്പോള്‍ ലഹരി വിമോചന കേന്ദ്രത്തില്‍'; തൊണ്ടയിടറി അനുഭവം വിവരിച്ച് വി.ഡി സതീശന്‍

'തന്റെ മടിയില്‍ വളര്‍ന്ന കുട്ടി, ഇപ്പോള്‍ ലഹരി വിമോചന കേന്ദ്രത്തില്‍'; തൊണ്ടയിടറി അനുഭവം വിവരിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കവെ തൊണ്ടയിടറി സ്വന്തം അനുഭവം വിവരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തന്റെ മടിയില്‍ വളര്‍ന്ന കുട്ടിയായിരുന്നു. എന്നാലിപ്പോള്‍ ലഹരി വിമോചന കേന്ദ്രത്തില്‍ രണ്ടാം തവണ പ്രവേശിപ്പിച്ചിരിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് സഭയില്‍ വ്യക്തമാക്കിയത്.

തന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്. എടുത്തു കൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാന്‍ അതിമിടുനായിരുന്നു. പ്രമുഖ എന്‍ജിനീയറിങ് കോളജില്‍ പഠനം പൂര്‍ത്തിയാക്കി. എന്നാല്‍ ഇന്നു ലഹരിക്ക് അടിമയാണ്. അവന്‍ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിമുക്ത ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇതിനു പിടിഎയും നാട്ടുകാരും മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി വില്‍ക്കുന്നവരും വിദ്യാര്‍ഥികളും ഇടപഴകാത്ത രീതിയില്‍ സ്‌കൂളുകള്‍ക്കു മതിലുകള്‍ നിര്‍മിക്കണം. ഇതിനു വ്യാപാരി സമൂഹവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

കൂടാതെ ആരാധനാലയങ്ങളില്‍ എത്തുന്ന വിശ്വാസികളില്‍ അതിന്റെ ചുമതലക്കാര്‍ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കണം. യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്നു രക്ഷിക്കുകയെന്നതു ഭരണ-പ്രതിപക്ഷ ഭേദമുള്ള വിഷയമല്ലെന്ന മുഖവുരയോടെയാണു നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി നല്‍കിയത്.

അതോടൊപ്പം സ്‌കൂള്‍ പരിസരത്ത് ലഹരി വില്‍ക്കുന്നവര്‍ക്കെതിരെ ബാലനീതി നിയമം ചുമത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നു നോട്ടിസ് അവതരിപ്പിച്ച പി.സി വിഷ്ണുനാഥും പറഞ്ഞു. എക്‌സൈസിനു ബാലനീതി നിയമം പ്രയോഗിക്കാന്‍ അധികാരം നല്‍കണമെന്നും അംഗബലം വര്‍ധിപ്പിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.