വിഴിഞ്ഞം പദ്ധതിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി; ഹര്‍ജി വീണ്ടും പരിഗണിക്കും

വിഴിഞ്ഞം പദ്ധതിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി; ഹര്‍ജി വീണ്ടും പരിഗണിക്കും

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമാധാനപരമായി പ്രതിഷേധിക്കാമെന്നല്ലാതെ, അതിന്റെ മറവില്‍, പദ്ധതി തടസപ്പെടുത്തരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഈ മാസം 27 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയിലാണു കോടതി നിര്‍ദേശം. പൊലീസിനു സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാം. പ്രതിഷേധക്കാര്‍ക്ക് പദ്ധതി തടസപ്പെടുത്താന്‍ അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിധി മാനിക്കുന്നുവെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര പ്രതികരിച്ചു. ഇത് അന്തിമ വിധിയല്ലെന്നും പോരാട്ടം തുടരുമെന്നും മോണ്‍. യൂജിന്‍ പെരേര പറഞ്ഞു. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സമരസമിതി അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിഷേധിക്കുന്നത് അവകാശം ഉണ്ടെങ്കിലും അതു പദ്ധതി തടസപ്പെടുത്തിക്കൊണ്ട് ആകരുതെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തുറമുഖ പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും കോടതി അന്ന് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം ഉണ്ടായത്.

ഹര്‍ജി വീണ്ടും പരിഗണനയില്‍ വന്നപ്പോഴാണ് ഹൈക്കോടതി നിലപാട് ആവര്‍ത്തിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാല്‍ പദ്ധതി തടസപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയില്‍ നിന്നാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നല്‍കിയ ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്.

വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാന്‍ നേരത്തെ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ കക്ഷി ചേര്‍ക്കാന്‍ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് അതിരൂപതയുടെ തീരുമാനം. അദാനി നല്‍കിയ ഹര്‍ജിയില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം നിര്‍മാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.