ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായി വികസിപ്പിച്ച സെർവിക്കൽ (ഗർഭാശയ) ക്യാൻസറിനെതിരെയുള്ള വാക്സിൻ ഇന്ന് പുറത്തിറങ്ങി. 200 മുതൽ 400 രൂപ വരെ വിലയിലയിൽ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാകും എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡാർ പൂനാവാല അറിയിച്ചു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്സിൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് ഡൽഹിയിൽ പുറത്തിറക്കിയത്. വാക്സിൻ 85 മുതൽ 90 ശതമാനം വരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
സെർവിക്കൽ ക്യാൻസറിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച ‘ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ' നിർമ്മിക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ജൂലൈ 12-ന് അംഗീകാരം നൽകിയിരുന്നു.
ഒമ്പത് മുതൽ 14 വയസ് വരെയുള്ള പെൺകുട്ടികളിൽ രണ്ട് ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതോടെ ഭാവിയിൽ ഇന്ത്യയിലെ ക്യാൻസർ രോഗികളായ സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യയിൽ വാക്‌സിൻ നൽകി തുടങ്ങി 30 വർഷത്തിന് ശേഷം ഒരൊറ്റ സെർവിക്കൽ രോഗികളും ഉണ്ടാവില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 15 നും 44 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടാമത്തെ അർബുദമാണ് സെർവിക്കൽ ക്യാൻസർ.
ലോകത്തിലെ അഞ്ചിലൊന്ന് കേസുകളും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഒരു വൈറസ് കാരണമാകുന്ന അപൂർവ ട്യൂമറുകളിൽ ഒന്നാണ് ഇത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2019 മുതൽ ഇന്ത്യയിൽ 41,91,000 സ്ത്രീകൾ സെർവിക്കൽ ക്യാൻസർ മൂലം മരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.