ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം: എട്ട് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് വാങ്ങാന്‍ ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീം കോടതി നിര്‍ദേശം

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം: എട്ട് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് വാങ്ങാന്‍ ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീം കോടതി നിര്‍ദേശം

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, അന്വേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി, ഇതിനകം നടന്ന അറസ്റ്റ്, കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ചീഫ് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണം.

ന്യൂഡല്‍ഹി: ക്രൈസ്തവ വിശ്വാസികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് എട്ടു സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീം കോടതി നിര്‍ദേശം. യു.പി, ഒഡിഷ, ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമം വര്‍ധിക്കുന്നത് ചൂണ്ടിക്കാണിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് നിര്‍ദേശം.

നാഷനല്‍ സോളിഡാരിറ്റി ഫോറത്തിനുവേണ്ടി ആർച്ച് ബിഷപ്.ഡോ. പീറ്റര്‍ മച്ചാഡോ, ഇവാഞ്ചലിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യക്കുവേണ്ടി ഫാ. വിജയേഷ് ലാല്‍ തുടങ്ങിയവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

ഹര്‍ജിയില്‍ പറയുന്ന സംഭവങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, അന്വേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി, ഇതിനകം നടന്ന അറസ്റ്റ്, കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ചീഫ് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഹര്‍ജിയില്‍ പറയുന്ന സംഭവങ്ങള്‍ തെറ്റാണെന്നും ഒരു വെബ്‌സൈറ്റില്‍ സ്വന്തം താല്‍പര്യാര്‍ഥം പ്രസിദ്ധപ്പെടുത്തിയതാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഇതെല്ലാം മുന്‍നിര്‍ത്തി കോടതി ഉത്തരവിറക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.