വിശാലമാണ്... കരുത്താണ്... അഭിമാനമാണ്; കടല്‍പ്പരപ്പില്‍ ആറാട്ടിനൊരുങ്ങി ഐഎന്‍എസ് വിക്രാന്ത്

വിശാലമാണ്... കരുത്താണ്... അഭിമാനമാണ്; കടല്‍പ്പരപ്പില്‍ ആറാട്ടിനൊരുങ്ങി  ഐഎന്‍എസ് വിക്രാന്ത്

രാജ്യത്തിന്റെ പ്രതിരോധ നിരയില്‍ ഓരോ 'അതിഥി'യും പുതുതായി എത്തുമ്പോള്‍ നമുക്ക് അഭിമാനമാണ്. അത്യാധുനിക വെടിക്കോപ്പുകളും യുദ്ധ വിമാനങ്ങളും പടക്കപ്പലുകളുമെല്ലാമായി സമ്പന്നമാണ് ഇന്ത്യയുടെ ആയുധപ്പുര. എല്ലാം ഒന്നിനൊന്ന് മെച്ചം. അതില്‍ തന്നെ 'വിവിഐപി'യാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ച ഐഎന്‍എസ് വിക്രാന്ത്. എന്താണ് വിക്രാന്തിന്റെ പ്രത്യേകത?.. സീന്യൂസ് പരിശോധിക്കുന്നു.

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. കടല്‍പ്പരപ്പിലെ ഈ പോരാളിയുടെ വരവോടെ തദ്ദേശീയമായി വിമാനവാഹിനി യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന, എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

രാജ്യത്തെ ഏറ്റവും വലിയ കപ്പലായ വിക്രാന്ത് പൂര്‍ണമായും നിര്‍മ്മിച്ചത് കൊച്ചി കപ്പല്‍ ശാലയിലാണ്. വിക്രാന്തിന്റെ നിര്‍മാണത്തില്‍ നേരിട്ടും അല്ലാതെയുമായി 14,000 ത്തോളം പേര്‍ പങ്കാളികളായി. കൊച്ചി കപ്പല്‍ശാലയിലെ 2000 ഉദ്യോഗസ്ഥരും മറ്റ് അനുബന്ധ വ്യവസായങ്ങളിലെ 12,000 ജീവനക്കാര്‍ക്കും ഈ മഹാ ഉദ്യമത്തില്‍ പങ്കു വഹിച്ചു. ഇതില്‍ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാം.

ന്യൂഡല്‍ഹി നാവികാസ്ഥാനത്തെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയിലെ 250 എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് ഇതു ഡിസൈന്‍ ചെയ്തത്. കൊച്ചിന്‍ കപ്പല്‍ശാലയിലെ 250 എന്‍ജിനീയര്‍മാര്‍ ഫങ്ഷനല്‍ ഡിസൈനും ആര്‍ക്കിടെക്ചറും നിര്‍വഹിച്ചു. അങ്ങനെ 500 പേരുടെ ടെക്‌നിക്കല്‍ ടീമാണ് മഹത്തായ ഈ വിജയത്തിന് നേതൃത്വം വഹിച്ചത്.

ആ രഹസ്യം ലോകമറിഞ്ഞത് ആകാശത്തു വച്ച്

1997 നവംബര്‍... രാജ്യം ആദ്യമായി നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ 'ഐഎന്‍എസ് ഡല്‍ഹി' രാജ്യത്തിനു സമര്‍പ്പിച്ച ചടങ്ങു കഴിഞ്ഞ് നാവികസേനാ മേധാവി അഡ്മിറല്‍ വിഷ്ണു ഭഗവത് തന്റെ പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ നിന്നു ഡല്‍ഹിയിലേക്ക് പറക്കുന്നു. ഏതാനും പത്ര ലേഖകര്‍ ഒപ്പമുണ്ട്.

അഡ്മിറല്‍ വിഷ്ണു ഭഗവത് പത്രലേഖകരോടു പറഞ്ഞു: 'നാം ഒരു എയര്‍ ഡിഫന്‍സ് ഷിപ്പ് നിര്‍മ്മിക്കാന്‍ പോകുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലായിരിക്കും അതിന്റെ ജനനം'. മൂന്നു ബില്യണ്‍ ഡോളര്‍ ചെലവു വരുന്ന ആ അഭിമാന പദ്ധതിക്ക് 2004 ല്‍ രാജ്യം അടിത്തറയിട്ടു.

പോര്‍ വിമാനങ്ങള്‍ക്ക് അനായാസം പറന്നിറങ്ങാം... പറന്നുയരാം

262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുള്ള വിക്രാന്തില്‍ 2300 കംപാര്‍ട്ട്മെന്റുകളുണ്ട്. സൂപ്പര്‍ സ്ട്രക്ചര്‍ അടക്കം കണക്കാക്കുമ്പോള്‍ കപ്പലിന്റെ ഉയരം 59 മീറ്ററാണ്. പോര്‍ വിമാനങ്ങള്‍ക്ക് അനായാസം പറന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്ന വിധത്തിലാണ് മേല്‍ഭാഗം. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം അടക്കം കപ്പലിനകത്ത് 14 ഡെക്കുകളാണുള്ളത്. ഒരേസമയം 1500 ലേറെ നാവികരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്.

സ്‌കൈ ജംപ് ടെക്നോളജി

30 എയര്‍ ക്രാഫ്റ്റുകള്‍ വഹിക്കാന്‍ ശേഷിയുള്ള വിക്രാന്തിന്റെ ഏറ്റവും വലിയ സവിശേഷത സ്‌കൈ ജംപ് ടെക്‌നോളജിയാണ്. കപ്പലിന്റെ മുന്‍ഭാഗം ഒരു വളഞ്ഞ റാംപ് പോലെയാണ്. ഇതുമൂലം കുറഞ്ഞ ദൂരത്തിലുള്ള റണ്‍വേയില്‍ നിന്നുപോലും പോര്‍ വിമാനങ്ങള്‍ക്ക് അതിവേഗം കപ്പലില്‍ നിന്നു കുതിക്കാനാകും. കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ 2100 കിലോ മീറ്റര്‍ നീളമുണ്ടാകും

വിക്രാന്തിലേക്കുള്ള പോര്‍ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ലാന്‍ഡിങും ചേക്ക് ഓഫുമൊക്കെ നിയന്ത്രിക്കുന്നത് ഫ്‌ളയിങ് കണ്‍ട്രോള്‍ പൊസിഷന്‍ എന്ന ഫ്ളൈകോയാണ്. വിക്രാന്തിന്റെ ഫ്ളൈറ്റ് ഡെക്കില്‍ മൂന്നു റണ്‍വേകളുണ്ട്. പറന്നുയരാന്‍ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും രണ്ടു റണ്‍വേകള്‍. 190 മീറ്ററുള്ള മൂന്നാം റണ്‍വേയിലാണ് വിമാനങ്ങള്‍ പറന്നിറങ്ങുന്നത്.

250 കിലോമീറ്റര്‍ വേഗത്തില്‍ പറന്നിറങ്ങുന്ന വിമാനങ്ങളെ റണ്‍വേയില്‍ കൃത്യമായി പിടിച്ചു നിര്‍ത്തുന്നതിന് അറസ്റ്റിങ് വയറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ടേക്ക് ഓഫ് സമയത്ത് 14 ഡിഗ്രിയില്‍ സ്‌കീ ജംപിനു സഹായിക്കുന്ന വളഞ്ഞ മൂക്കു പോലെയുള്ള റണ്‍വേ വിക്രാന്തിന്റെ പ്രധാന പ്രത്യേകതയാണ്.

ചെറിയൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി

അത്യാഹിത വിഭാഗവും തീവ്രപരിചരണ വിഭാഗവും സി.ടി സ്‌കാന്‍ അടക്കമുള്ള സൗകര്യങ്ങളുമുള്ള ചെറിയൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തന്നെ വിക്രാന്തില്‍ ഒരുക്കിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ രണ്ടു വെന്റിലേറ്ററുള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. മെഡിക്കല്‍ ജനറല്‍ വാര്‍ഡും ഫീമെയില്‍ വാര്‍ഡുമൊക്കെയുണ്ട്.

ചുരുക്കത്തില്‍ കപ്പലിലുള്ളവര്‍ക്ക് ചികിത്സയ്ക്കു പോലും പുറത്തു പോകേണ്ടതില്ല. പുലര്‍ച്ചെ മൂന്നിന് പ്രവര്‍ത്തനം തുടങ്ങുന്ന ഭക്ഷണ കേന്ദ്രമായ കുക്ക് ഹൗസ് അര്‍ധരാത്രി വരെയുണ്ട്. പച്ചക്കറികള്‍, മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ അരിയുന്നതും പാത്രങ്ങള്‍ കഴുകുന്നതുമെല്ലാം യന്ത്ര സഹായത്തോടെയാണ്.

ചൈനയ്ക്കുള്ള മറുപടി

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിമാന വാഹിനികള്‍ ഉള്ളത് ചൈനയ്ക്കാണ്. മൂന്നെണ്ണം. നിലവിലുള്ള വിക്രമാദിത്യത്‌ക്കൊപ്പം വിക്രാന്തിന്റെ കൂടി വരവോടെ ഇന്ത്യയുടെ യുദ്ധ വിമാന വാഹിനികള്‍ രണ്ടെണ്ണമാകും. എന്നാല്‍ വിക്രാന്തിന്റെ നിര്‍മ്മാണത്തോടെ ഇന്ത്യ വൈദഗ്ധ്യത്തില്‍ ചൈനയ്ക്കും മുന്നിലെത്തി. കാരണം ചൈനയ്ക്ക് ഇതുവരെ ഒരു വിമാനവാഹിനി കപ്പല്‍ സ്വന്തമായി രൂപകല്‍പന ചെയ്തു നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ ഉണ്ടാക്കിയത് അവരുടെ തന്നെ ഒരു എണ്ണക്കപ്പലിന് രൂപമാറ്റം വരുത്തിയാണ്.

റഷ്യയില്‍ നിന്നു വിമാന വാഹിനികള്‍ വാങ്ങി വന്നിരുന്ന ഇന്ത്യ സ്വന്തമായി രൂപകല്‍പന ചെയ്ത് 76 ശതമാനം വസ്തുക്കള്‍ രാജ്യത്തു തന്നെ നിര്‍മിച്ച് രാജ്യത്തു തന്നെ കപ്പല്‍ നിര്‍മിച്ചു എന്നതാണ് അഭിമാന നേട്ടം. റഫാലും എഫ് 18 സൂപ്പര്‍ ഹോണറ്റും എത്തുന്നതോടെ വിക്രാന്തിന്റെ പ്രതിരോധ ശേഷിക്ക് ആക്കം കൂടും. വിക്രാന്തിലേക്കെത്തുന്ന കൂടുതല്‍ പോര്‍ വിമാനങ്ങളും ഇരട്ട എന്‍ജിനുള്ള പോര്‍ വിമാനങ്ങളും ചൈനയ്ക്ക് ഉള്‍ക്കിടിലമുണ്ടാക്കും.

നാവിക സേനയുടെ ഭാഗമാകുന്നതോടെ കിഴക്കന്‍ തീര സംരക്ഷണമായിരിക്കും വിക്രാന്തിന്റെ പ്രധാന ചുമതല. ഇന്തോ - പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ച് വരുന്ന ഇടപെടല്‍ തടയുകയാണ് ദൗത്യം. ചൈനയുടെ പ്രധാന പോര്‍വിമാനങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവയാണ് റഫാലും സൂപ്പര്‍ ഹോണറ്റും. അഫ്ഗാന്‍, ഇറാഖ് യുദ്ധ വേളയില്‍ അമേരിക്ക വിജയകരമായി ഉപയോഗിച്ച പോര്‍ വിമാനങ്ങളാണ് എ 18 സൂപ്പര്‍ ഹോണറ്റ്. എല്ലാം ചേര്‍ന്ന് കടല്‍പ്പരപ്പില്‍ ആറാട്ടിനൊരുങ്ങുകയാണ് ഐഎന്‍എസ് വിക്രാന്ത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.