വര്‍ഷങ്ങളായി മനസില്‍ സൂക്ഷിച്ച സ്വപ്നം ഒടുവില്‍ പൂവണിയുന്നു. കണ്ണൂര്‍ ജില്ലയിലെ കരുവന്‍ചാലിന് സമീപം കാവുന്‍കുടി പട്ടിക വര്‍ഗ കോളനിയിലെ ഗോവിന്ദന്റെയും വിജിയുടെയും മകളായ ഗോപിക ഇനി എയര്‍ഹോസ്റ്റസായി പറക്കും. കരിമ്പാലഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ കാബിന്‍ ക്രൂ അംഗമാണ് ഗോപിക.
ഒരു എയര്‍ ഹോസ്റ്റസിന്റെ ചിത്രം ഗോപിക ആദ്യമായി കാണുന്നത് ഒരു പത്രക്കടലാസിലാണ്. അവരുടെ വസ്ത്രധാരണവും മേക്കപ്പുമെല്ലാം ഗോപികയെ ഏറെ ആകര്‍ഷിച്ചു. വലുതാകുമ്പോള്‍ ഇതുപോലൊരു മേഖലയില്‍ ജോലിക്ക് കയറമെന്ന് അവള്‍ ആഗ്രഹിച്ചു. എന്നാല്‍, ഏവിയേഷന്‍ കോഴ്സിനെക്കുറിച്ച് ഗോപികയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു. എവിടെയാണ് ഈ കോഴ്സ് പഠിപ്പിക്കുന്നതെന്നും എത്ര പണച്ചെലവ് ഉണ്ടാകുമെന്നും അവള്‍ക്ക് അറിയില്ലായിരുന്നു.
ഏവിയേഷന്‍ കോഴ്സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഗോപിക ശ്രമിച്ചു. ഡിഗ്രി പൂര്‍ത്തിയായ ശേഷം ബന്ധുവായ സഹോദരിക്കൊപ്പം ഒരുദിവസം എയര്‍ഹോസ്റ്റസുമാര്‍ ധരിക്കുന്നത് പോലെയുള്ള ഒരു ഡ്രസ് ഗോപിക കണ്ടു. അന്നാണ് ഗോപിക തന്റെ ആഗ്രഹം ആദ്യമായി മറ്റൊരാളുടെ മുമ്പില്‍ പറയുന്നത്. ആ സമയം ബന്ധുവും കൂടെയുണ്ടായിരുന്ന സുഹൃത്തും ഗോപികയെ വളരെയധികം പ്രോത്സാഹിപ്പിച്ചു.
മികച്ച കോഴ്സാണെന്നും വലിയ അവസരങ്ങളാണ് ഉള്ളതെന്നും തിരിച്ചറിഞ്ഞാണ് ഗോപിക ഏവിയേഷന്‍ കോഴ്സിന് ചേരാന്‍ തീരുമാനിക്കുന്നത്. 2021ല്‍ കോവിഡ് സമയത്താണ് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ഏവിയേഷന്‍ കോഴ്സ് പഠിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഗോപിക തന്നെയാണ് കോഴ്സിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചത്. പിന്നാലെ വയനാട്ടിലെ ഡ്രീം സ്‌കൈ ഏവിയേഷന്‍ ട്രെയ്നിങ് അക്കാഡമിയില്‍ ചേര്‍ന്നു.
ഈ അക്കാഡമിയില്‍ നിന്ന് ട്രൈബല്‍ വിഭാഗത്തില്‍ കാബിന്‍ ക്രൂ മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാളാണ് ഗോപിക. ഒരു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ അവള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കാബിന്‍ ക്രൂ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ മൂന്ന് മാസത്തെ പരിശീലനത്തിനായി മുംബൈയിലാണ് ഗോപികയുള്ളത്. ഒന്നര മാസം കൂടിക്കഴിഞ്ഞാല്‍ തന്റെ ചിരകാല സ്വപ്നം പൂവണിയുന്നതും കാത്തിരിക്കുകയാണ് അവള്‍.
ആഗ്രഹിച്ചകാര്യം നേടിയെടുക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഗോപിക പറയുന്നു. വീട്ടുകാരില്‍ നിന്നും എതിര്‍പ്പുകളുണ്ടാകാതെ നോക്കുകയായിരുന്നു ആദ്യ ലക്ഷ്യം. വിമാനത്താവളവുമായി ബന്ധപ്പെട്ട കോഴ്സാണ് മകള്‍ ചെയ്യുന്നതെന്നാണ് അവര്‍ കരുതിയിരുന്നത്. കാബിന്‍ ക്രൂ മെമ്പറായാണ് ഗോപിക പഠിച്ചതെന്ന് ഈ അടുത്ത ദിവസമാണ് അവര്‍ മനസിലാക്കിയത്. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ഞെട്ടിപ്പോകുകയായിരുന്നു. വീണ്ടും വീണ്ടും എയര്‍ ഹോസ്റ്റസ് തന്നെയാണോ എന്ന് ചോദിച്ചു. കോഴ്സിനെക്കുറിച്ച് കൂടുതല്‍ അറിയില്ലാത്തതും ചില വിമാന അപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും ആണ് അവരെ ഭയപ്പെടുത്തിയത്.
എന്നാല്‍ ഒരിക്കലെങ്കിലും എയര്‍ ഹോസ്റ്റസായി ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവള്‍ അവരെ അറിയിച്ചു. തനിക്ക് ഇഷ്ടമുള്ള ഒരു കോഴ്സ്‌ചെയ്തു എന്നല്ലാതെ അതിന് ഇത്തരത്തില്‍ ഒരു ഫലം ഉണ്ടാകുമെന്ന് അവരും താനും കരുതിയില്ലെന്നും ഗോപി പറയുന്നു. ഇപ്പോള്‍ നാട്ടില്‍ ഫ്ളെക്സ് അടിക്കാനും അത് തൂക്കാനുമെല്ലാം നാട്ടുകാര്‍ക്കൊപ്പം തിരക്കിലാണ് അച്ഛനെന്ന് ചിരിയോടെ അവള്‍ പറയുന്നു.
മുംബൈയിലാണ് പരിശീലനമെന്ന് അറിഞ്ഞപ്പോള്‍ വലിയ മടിയും പേടിയുമായിരുന്നു. കാരണം നാട്ടില്‍ നിന്നോ പഠിക്കുന്ന അക്കാഡമിയില്‍ നിന്നോ പരിചയമുള്ള ആരും ഉണ്ടായിരുന്നില്ല. മുമ്പ് ഒരു തവണ പോലും മുംബൈയില്‍ പോയിട്ടില്ല. എന്തെങ്കിലും സംഭവിച്ചാല്‍ ആരും സഹായിക്കാന്‍ പോലും ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ആ പേടിയെല്ലാം അസ്ഥാനത്തായിരുന്നു. സഹായിക്കാന്‍ ധാരാളമാളുകള്‍ ഇവിടെയുണ്ടായിരുന്നു. ഇവിടെ കൂടെയുള്ള ഭൂരിഭാഗം പേരും മലയാളികളാണ്. അതിനാല്‍ പ്രതീക്ഷിച്ചപ്പോലെയായിരുന്നില്ല മുംബൈയിലെ കാര്യങ്ങള്‍ എന്ന് ഗോപിക പറഞ്ഞു.
ഏവിയേഷന്‍ കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ വെല്ലുവിളി ഉയര്‍ത്തിയ രണ്ട് കാര്യങ്ങള്‍ സാമ്പത്തികവും കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആരുമില്ലെന്നതായിരുന്നു. സര്‍ക്കാര്‍ പഠനച്ചെലവ് വഹിച്ചപ്പോള്‍ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ സാധിച്ചു. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ആളില്ലാത്തത് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. അതിനാല്‍ സ്വന്തം നിലയില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നുവെന്നും അവള്‍ ഓര്‍ക്കുന്നു.
താന്‍ എവിടെ നിന്നു വന്നുവെന്നും എവിടെയെത്തി നില്‍ക്കുന്നുവെന്നും കൃത്യമായി അറിയാം. അതിനാല്‍ ഇതിനുമപ്പുറം സമൂഹത്തിലുള്ളവര്‍ക്ക് വേണ്ടി സഹായം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഏവിയേഷന്‍ പഠനകാലത്ത് ലഭിക്കുന്ന പരിശീലനം ഏത് സ്ഥലത്തും പ്രയോഗിക്കാന്‍ കഴിയും. വിമാനത്തിലായിരിക്കുന്ന സമയത്ത് യാത്രക്കാര്‍ക്ക് ഏതൊരു ആവശ്യമുണ്ടായാലും സഹായിക്കാന്‍ കഴിയുന്ന വിധത്തിലാണ് പരിശീലനം ലഭിക്കുന്നത്. അതിനാല്‍ സമൂഹത്തിലേക്കിറങ്ങിച്ചെല്ലാന്‍ ഒരു പ്രയാസവുമില്ല.
പലകാരണങ്ങള്‍ക്കൊണ്ടും ഏവിയേഷന്‍ മേഖലയിലേക്ക് കടന്നുവരാന്‍ ധാരാളം പേര്‍ ഉണ്ടാകും. അതിനാല്‍ ഈ മേഖലയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുംഗോപിക വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.