കാറോടിച്ചിരുന്നത് വനിതാ ഡോക്ടര്‍, മിസ്ത്രി പിന്‍ സീറ്റില്‍; അപകട കാരണം അമിത വേഗം

 കാറോടിച്ചിരുന്നത് വനിതാ ഡോക്ടര്‍, മിസ്ത്രി പിന്‍ സീറ്റില്‍; അപകട കാരണം അമിത വേഗം

മുംബൈ: പ്രമുഖ വ്യവസായി സൈറസ് മിസ്ത്രിയുടെ മരണത്തിലേക്കു നയിച്ച അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും ഇടതു വശത്തുകൂടി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നുമാണ് പ്രാഥമിക വിവരം.

മുംബൈയിലെ പ്രശസ്ത ഗൈനകോളജിസ്റ്റ് ഡോ. അനഹിത പണ്ടോളയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു സ്ത്രീയാണ് കാര്‍ ഓടിച്ചതെന്നും ഇടതു വശത്തു കൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നെന്നും ദൃക്സാക്ഷി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

സൈറസ് മിസ്ത്രി (54), ഡോ. അനഹിത പണ്ടോളെ(55), ഭര്‍ത്താവ് ഡാരിയസ് പണ്ടോളെ(60), ഇദ്ദേഹത്തിന്റെ സഹോദരന്‍ ജഹാംഗിര്‍ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്‌സി ക്ഷേത്രമായ അതാഷ് ബെഹ്‌റാം അഗ്നി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നതായാണ് വിവരം.

പരുക്കേറ്റ അനഹിതയും ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സയിലാണ്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് മിസ്ത്രി സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെട്ടത്. മുംബൈയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ പാല്‍ഘറില്‍ ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.