ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പൊരുതിത്തോറ്റ് ഇന്ത്യ. അഞ്ച് വിക്കറ്റിന് പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തി. ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ പാകിസ്ഥാൻ മറികടന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അവസാന ഓവറിൽ പാക്കിസ്ഥാന് വേണ്ടിയിരുന്നത് ഏഴ് റൺസായിരുന്നു. ആദ്യ മൂന്ന് പന്തിൽ അഞ്ച് റൺസ് നേടി. നാലാം പന്തിൽ ആസിഫ് അലിയെ അർഷ്ദീപ് പുറത്താക്കി. അവസാന രണ്ട് പന്തിൽ രണ്ട് റൺസാണ് വേണ്ടിയിരുന്നത്. 20-ാം ഓവറിലെ അഞ്ചാം പന്തിൽ രണ്ട് റൺസ് എടുത്ത് പാകിസ്ഥാൻ വിജയിച്ചു. 51 പന്തിൽ 71 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് ടീമിന് ജയം സമ്മാനിച്ചത്. മുഹമ്മദ് നവാസ് 20 പന്തിൽ 42 റൺസ് നേടി. ഖുശ്ദിൽ ഷാ 11 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു ഇഫ്തിഖർ അഹമ്മദ് രണ്ട് റൺസെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമ്മയും ഒന്നാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. ആറാം ഓവറിൽ രോഹിത് പുറത്തായതോടെ കൂട്ടുകെട്ട് തകർന്നു. 16 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 28 റൺസാണ് രോഹിത് നേടിയത്. ഏഴാം ഓവറിൽ ഷദാബ് ഖാന്റെ രൂപത്തിൽ ഇന്ത്യക്ക് രണ്ടാം പ്രഹരം. 20 പന്തുകൾ നേരിട്ട രാഹുൽ 28 റൺസെടുത്തു പുറത്ത്.
ഇന്ത്യയുടെ മൂന്നാം വിക്കറ്റ് സൂര്യകുമാർ യാദവിന്റെ രൂപത്തിലാണ് വീണത്. 10 പന്തിൽ രണ്ടു ബൗണ്ടറികളോടെ 13 റൺസാണ് താരം നേടിയത്. ഇതിന് പിന്നാലെ നാലാം വിക്കറ്റിൽ വിരാട് കോലിയും ഋഷഭ് പന്തും ചേർന്ന് 35 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നിരുന്നാലും ഫലപ്രദമായ ഇന്നിംഗ്സ് കളിക്കുന്നതിൽ പന്ത് പരാജയപ്പെട്ടു. 12 പന്തിൽ 14 റൺസെടുത്ത ഋഷഭ് ഔട്ടായി. പിന്നാലെ 15ാം ഓവറിൽ അക്കൗണ്ട് തുറക്കാതെ ഹാർദിക് പാണ്ഡ്യ പവലിയനിലേക്ക് മടങ്ങി.
മുന്നിലും ആറാം വിക്കറ്റിലും ദീപക് ഹൂഡയ്‌ക്കൊപ്പം കോലി 37 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു. 19-ാം ഓവറിൽ ഹൂഡയെ നസീം പുറത്താക്കി. അവസാന ഓവറിൽ റണ്ണൗട്ടായ കോലി പവലിയനിലേക്ക് മടങ്ങി. 43 പന്തിൽ നാല് ഫോറും ഒരു സിക്‌സും സഹിതം 59 റൺസാണ് താരം നേടിയത്. രവി ബിഷ്‌ണോയ് രണ്ട് പന്തിൽ പുറത്താകാതെ എട്ട് റൺസെടുത്തു. ഭുവനേശ്വർ കുമാർ (0) പുറത്താകാതെ നിന്നു. 20 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു.
നിലവിലെ ഏഷ്യാ കപ്പിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. നേരത്തെ ഇരുടീമുകളും തമ്മിൽ മത്സരം നടന്നപ്പോൾ രണ്ട് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റിന് ടീം ഇന്ത്യ വിജയിച്ചിരുന്നു. സെപ്റ്റംബർ ആറിന് ഇന്ത്യ ശ്രീലങ്കയെ നേരിടും. അതേസമയം ഏഴിന് പാകിസ്ഥാൻ ടീം അഫ്ഗാനിസ്ഥാനെ നേരിടും. ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യൻ ടീമിന് നിർണായകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.