കൊല്ലം: കൊല്ലത്ത് നിന്നും ബോട്ട് മാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 ശ്രീലങ്കന്‍ പൗരന്‍മാരെ പൊലീസ് പിടികൂടി. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറുക എന്നതായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.
ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.
ഓഗസ്റ്റ് 19 ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെ തേടി തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്.
പിടിയിലായവരില്‍ രണ്ട് പേര്‍ ചെന്നൈയിലെത്തി മുങ്ങിയവരാണ്. ആറ് പേര്‍ ട്രിച്ചിയിലെ ലങ്കന്‍ അഭയാര്‍ത്ഥി ക്യാപിലും മൂന്ന് പേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാംപിലും കഴിയുന്നവരാണ്. ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നൊരാളാണ് ഇവരുടെ ഏജന്റ് എന്നാണ് വിവരം. കേരളത്തിലെത്തി തന്റെ മറ്റൊരു ഏജന്റിനെ കാണാനായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം.
അതേസമയം ഇപ്പോള്‍ പിടിയിലായ പതിനൊന്ന് പേര്‍ മാത്രമായിരിക്കില്ല ബോട്ടില്‍ കടക്കാന്‍ പദ്ധതിയിട്ടത് എന്നാണ് പൊലീസിന്റേയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റേയും നിഗമനം. വലിയ ബോട്ടില്‍ വന്‍ സംഘമായിട്ടാണ് ഇത്തരക്കാര്‍ സാധാരണ ഓസ്‌ട്രേലിയയിലേക്ക് പോകാറുള്ളത്.
അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ കൊല്ലത്തേക്ക് വന്നു കൊണ്ടിരിക്കുകയോ അടുത്ത നിര്‍ദ്ദേശം കാത്ത് സമീപജില്ലകളില്‍ തമ്പടിക്കുകയോ ആയിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. കേരളത്തിലെ ഇവര്‍ക്ക് ബന്ധപ്പെടാന്‍ നിര്‍ദേശം കിട്ടിയ ഏജന്റ് കൊല്ലത്തുള്ള ആളാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.