അഗതികളുടെ അമ്മ അനശ്വരയായിട്ട് കാല്‍ നൂറ്റാണ്ട്

അഗതികളുടെ  അമ്മ അനശ്വരയായിട്ട് കാല്‍ നൂറ്റാണ്ട്

കൊല്‍ക്കത്ത: സ്‌നേഹത്തിന്റെയും കരുതലിന്റെയും മഹാ മാതൃക ലോകത്തിന് കാണിച്ചു കൊടുത്ത അഗതികളുടെയും നിരാലംബരുടെയും അമ്മയായ വിശുദ്ധ മദര്‍ തെരേസ വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം. 1997 സെപ്റ്റംബര്‍ അഞ്ചിനാണ് മദര്‍ തെരേസ അനശ്വരയായത്.

കൊല്‍ക്കത്തയുടെ തെരുവുകളില്‍ ഉത്ഭവിച്ച് ലോകമെമ്പാടും സ്‌നേഹമായി ഒഴുകിപ്പരന്ന മദര്‍ തെരേസ ഒരോ ഇന്ത്യക്കാരനും അഭിമാനമാണ്. 87-ാം വയസിലായിരുന്നു നൊമ്പരം പകര്‍ന്ന ആ വിടവാങ്ങല്‍.

അല്‍ബേനിയയില്‍ ജനിച്ച് ഇന്ത്യ കര്‍മ ഭൂമിയാക്കി ഉപവി പ്രവര്‍ത്തനങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനിയായിരുന്നു മദര്‍ തെരേസ. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം സ്ഥാപിച്ച മദര്‍ അഗതികളെയും ആലംബമറ്റവരെയും തേടി കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും ചേരികളിലൂടെയും വിശ്രമമില്ലാതെ സഞ്ചരിച്ചു.

പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും അമ്മയായി. കൊല്‍ക്കത്തയിലെ മദര്‍ തെരേസയുടെ സന്യാസ സമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് സ്‌നേഹത്തിന്റെ സുവിശേഷവുമായെത്തി. 1962 ജനവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ 'പത്മശ്രീ' നല്‍കി മദറിനെ രാജ്യം ആദരിച്ചു. ആ വര്‍ഷം തന്നെ മഗ്സസെ അവാര്‍ഡും തുടര്‍ന്നു 1972 ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്റു അവാര്‍ഡും ലഭിച്ചു.

1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980 ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരത രത്നവും നല്‍കി. 2016 സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. മദറിന്റെ ഓര്‍മ ദിനത്തോടനുബന്ധിച്ച് കൊല്‍ക്കത്തിയിലും ലോകമെമ്പാടും ഇന്ന് അനുസ്മരണ പരിപാടികള്‍ നടക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26