ഉക്രെയ്നില്‍ റഷ്യന്‍ ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ കൊല്ലപ്പെട്ടു; മരിച്ചത് മെഡിക്കല്‍ സംഘാംഗം

ഉക്രെയ്നില്‍ റഷ്യന്‍ ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ കൊല്ലപ്പെട്ടു; മരിച്ചത് മെഡിക്കല്‍ സംഘാംഗം

ബ്രിസ്ബന്‍: ഉക്രെയ്നില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ കൊല്ലപ്പെട്ടു. ഉക്രെയ്ന്‍ സൈനികര്‍ക്ക് വൈദ്യ സഹായം നല്‍കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ക്വീന്‍സ്ലാന്‍ഡ് സ്വദേശിയായ ജേഡ് വില്യം ദനഹേ (27) ആണ് കൊല്ലപ്പെട്ടതെന്ന് ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ട്രേഡ് ഡിപ്പാര്‍ട്ട്മെന്റ് (ഡിഎഫ്എടി) അറിയിച്ചു. ഓഗസ്റ്റ് 24 ന് കിഴക്കന്‍ ഉക്രെയ്‌നിലെ ഇസിയം നഗരത്തിലുണ്ടായ റഷ്യന്‍ ആക്രമണത്തിലായിരുന്നു സംഭവം.

ജേഡ് ഓടിച്ചിരുന്ന മെഡിക്കല്‍ വാഹനത്തിനു നേരേ റഷ്യ നടത്തിയ വെടിവയ്പ്പിലാണ് അദ്ദേഹം മരിച്ചത്. മറ്റുള്ളവരെ സഹായിച്ച് സ്വന്തം ജീവന്‍ ത്യജിച്ച യുവാവിനെ ഓസ്ട്രേലിയയിലെ ഉക്രെയ്ന്‍ അംബാസഡര്‍ വീരപുരുഷനെന്നാണ് വിശേഷിപ്പിച്ചത്.

തെക്കന്‍ ക്വീന്‍സ്ലന്‍ഡിലെ നാനാംഗോയാണ് ജെഡ് വില്യമിന്റെ സ്വദേശം. മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധനായാണ് ജേഡ് തന്റെ ജീവിതം നയിച്ചതെന്നും ഈ ഭൂമിയില്‍ ജീവിച്ച ചുരുങ്ങിയ സമയത്തിനുള്ളില്‍, നാം ചെയ്തതിനേക്കാള്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ജേഡ് ചെയ്തതായും കുടുംബ വക്താവ് പറഞ്ഞു.

ഓസ്ട്രേലിയയിലെ ഉക്രെയ്ന്‍ സമൂഹം ജേഡിന്റെ കുടുംബത്തോട് അഗാധമായ ദുഖം രേഖപ്പെടുത്തി പ്രസ്താവന ഇറക്കി. ഉക്രെയ്‌നിയന്‍ സൈനികര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ മുന്‍നിരയില്‍നിന്നു പ്രവര്‍ത്തിച്ച ജേഡിന്റെ ധീരതയ്ക്കും ധൈര്യത്തിനും തങ്ങള്‍ ആദരവ് അര്‍പ്പിക്കുന്നുതായും അദ്ദേഹത്തെ ഒരു നായകനായി കാണുന്നുവെന്നും ഓസ്ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഉക്രെയ്‌നിയന്‍ ഓര്‍ഗനൈസേഷന്‍ കോ-ചെയര്‍ സ്റ്റെഫാന്‍ റൊമാനീവ് പറഞ്ഞു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെയും സഹജീവികളോടുള്ള സ്‌നേഹത്തെയും ബഹുമാനിക്കുന്നതായും സ്റ്റെഫാന്‍ റൊമാനീവ് കൂട്ടിച്ചേര്‍ത്തു.

ഇതിനു മുന്‍പ് മേയ് മാസത്തില്‍ ടാസ്മാനിയയില്‍നിന്നുള്ള മൈക്കല്‍ ഒ നീല്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.