തരൂരിന്റെ തന്ത്രപരമായ നീക്കം; കോൺഗ്രസിന്റെ സമവായ സ്ഥാനാർഥിയായേക്കും

തരൂരിന്റെ തന്ത്രപരമായ നീക്കം; കോൺഗ്രസിന്റെ സമവായ സ്ഥാനാർഥിയായേക്കും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നതിനിടയിൽ സമാവായ സ്ഥാനാർത്ഥിയാകാൻ സാധ്യത തേടി ശശി തരൂർ. ഇതിന്റെ ഭാഗമായി മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടുമായി തരൂർ കൂടിക്കാഴ്ച നടത്തി. ജി-23 കൂട്ടായ്മയുടെ മാത്രം സ്ഥാനാർത്ഥി എന്ന നിലയിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാടിലാണ് തരൂർ.

അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ നിന്നും രാഹുൽ ഗാന്ധി പിന്നോട്ട് പോയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കിയത്. പാർട്ടിയിലെ മുഴുവൻ ആളുകൾക്കും അദ്ദേഹം മടങ്ങി വരണമെന്നാണ് ആഗ്രഹമെങ്കിലും ഇനി ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാൾ അധ്യക്ഷനാവട്ടെ എന്ന നിർദ്ദേശം ആവർത്തിക്കുകയാണ് രാഹുൽ എന്നും വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

രാഹുൽ ഇല്ലെങ്കിൽ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി അശോക് ഗെലോട്ടിനെ ഉയർത്തിക്കാട്ടാനാണ് കോൺഗ്രസിൽ ആലോചന നടക്കുന്നത്. എന്നാൽ മത്സരത്തിന് താൻ ഇല്ലെന്ന് ഗെലോട്ട് വ്യക്തമാക്കിക്കഴിഞ്ഞു. സമവായ സ്ഥാനാർത്ഥിയാകാം എന്നതാണ് ഗെലോട്ട് മുന്നോട്ടു വെയ്ക്കുന്നത്. ദില്ലിയിൽ ചികിത്സയിൽ കഴിയുന്ന സോണിയ ഗാന്ധി മടങ്ങിയെത്തിയാലുടൻ ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തിരുത്തൽവാദി സംഘത്തിന്റെ കൂട്ടായ്മയായ ജി-23 യിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. നിലവിൽ ശശി തരൂരിന്റെ പേരിന് തന്നെയാണ് പ്രഥമ പരിഗണന. എന്നാൽ വിമത കൂട്ടായ്മയുടെ പ്രതിനിധി എന്ന നിലയ്ക്കൊരു മത്സരത്തിന് ഇല്ലെന്നതാണ് ശശി തരൂരിന്റെ നിലപാട്. ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ചാൽ അത് വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് ശശി തരൂർ കരുതുന്നുണ്ട്. കൂട്ടായ്മ ഉയർത്തിപ്പിടിച്ച നിലപാടുകൾ പോലും ചോദ്യം ചെയ്യപ്പെടുമെന്നും തരൂർ ആശങ്കപ്പെടുന്നു.

തന്റെ സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്നുൾപ്പെടെ വലിയ പിന്തുണ നേടിയെടുക്കാൻ തരൂരിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗ്രൂപ്പുകൾക്ക് അതീതമായി പൊതു സ്വീകാര്യത നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് തരൂർ. ഇതിന്റെ ഭാഗമായാണ് അശോക് ഗെലോട്ട് ഉൾപ്പെടെയുള്ള നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തിയത്. സോണിയ ചികിത്സ കഴിഞ്ഞു മടങ്ങിയെത്താൽ അവരുമായും തരൂർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.

അതിനിടെ പൊതുസ്വീകാര്യനായ സ്ഥാനാർത്ഥിയെ സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് വ്യക്തമാക്കി ജി-23 കൂട്ടായ്മയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ പൃഥ്വിരാജ് ചവാൻ വ്യക്തമാക്കി. അശോക് ഗെലോട്ട് ആയാലും മറ്റേത് മുതിർന്ന നേതാവായാലും അത് പൊതു സ്വീകാര്യനെങ്കിൽ ജി-23 ക്ക് യാതൊരു എതിർപ്പും ഇല്ലെന്ന് ചവാൻ പറഞ്ഞു. അതേസമയം വോട്ടർ പട്ടിക പുറത്തുവിടാൻ നേതൃത്വം തയ്യാറാകണമെന്നും ചവാൻ ആവർത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.