കുട്ടികളെ ലക്ഷ്യമിട്ട് വിപണനം; ലോകോത്തര ഇ-സിഗരറ്റ് നിര്‍മാതാക്കളായ ജൂള്‍ 438.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

കുട്ടികളെ ലക്ഷ്യമിട്ട് വിപണനം; ലോകോത്തര ഇ-സിഗരറ്റ് നിര്‍മാതാക്കളായ ജൂള്‍ 438.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

ടെക്‌സാസ്: അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര ഇ-സിഗരറ്റ് നിര്‍മാണ, വിപണന കമ്പനിയായ 'ജൂള്‍' ഭീമമായ നഷ്ടപരിഹാര തുക ഒഴിവാക്കാന്‍ 438.5 മില്യണ്‍ ഡോളറിന്റെ സെറ്റില്‍മെന്റിന് തയാറാകുന്നു. കമ്പനിയുടെ വിപണന രീതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ പുകവലിയിലേക്ക് ആകര്‍ഷിക്കും വിധം വിപണന ശ്രമങ്ങള്‍ നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഭീമമായ തുക നഷ്ടപരിഹാരത്തിന് കമ്പനി നിര്‍ബന്ധിതമായത്.

34 യുഎസ് സംസ്ഥാനങ്ങളുടേതായിരുന്നു നടപടി. ഈ സംസ്ഥാനങ്ങളുമായി പലഘട്ടങ്ങളില്‍ നടത്തിയ വിലപേശലുകളെ തുടര്‍ന്ന് 438.5 മില്യണ്‍ ഡോളറിന്റെ സെറ്റില്‍മെന്റിന് കമ്പനി വഴങ്ങി. അലബാമ, അര്‍ക്കന്‍സാസ്, കണക്റ്റിക്കട്ട്, ഡെലവെയര്‍, ജോര്‍ജിയ, ഹവായ്, ഐഡഹോ, ഇന്ത്യാന, കന്‍സാസ്, കെന്റക്കി, മേരിലാന്‍ഡ്, മെയ്ന്‍, മിസിസിപ്പി, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, നെബ്രാസ്‌ക, ന്യൂ ഹാംഷെയര്‍, ന്യൂജേഴ്‌സി, നെവാഡ, ഒഹായോ, ഒക്ലഹോമ, ഒറിഗോണ്‍, പ്യൂര്‍ട്ടോ റിക്കോ, റോഡ് ഐലന്‍ഡ്, സൗത്ത് കരോലിന, സൗത്ത് ഡക്കോട്ട, ടെന്നസി, യൂട്ടാ, വിര്‍ജീനിയ, വെര്‍മോണ്ട്, വിസ്‌കോണ്‍സിന്‍, വ്യോമിംഗ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇത് പത്ത് വര്‍ഷത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്നാണ് വ്യവസ്ഥ.

കുട്ടികള്‍ക്ക് പുകയില, ഇ-സിഗരറ്റ് വില്‍പ്പന കര്‍ശനമായി നിരോധിച്ചിട്ടുള്ള അമേരിക്കയില്‍ ജൂള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തിനായി യുവാക്കളെ ഉപയോഗപ്പെടുത്തുന്നു എന്നതായിരുന്ന അന്വേഷണ സമതി കണ്ടെത്തിയ നിയമലംഘനം. മാത്രമല്ല സോഷ്യല്‍ മീഡിയ കാമ്പെയ്നുകള്‍, ലോഞ്ച് പാര്‍ട്ടികള്‍, പരസ്യ കാമ്പെയ്നുകളില്‍ യുവാക്കളായ മോഡലുകളുടെ ഉപയോഗം എന്നീ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വഴി യുവാക്കളും കുട്ടികളും ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും കണ്ടെത്തലില്‍ പറയുന്നു. കുട്ടികള്‍ക്ക് സൗജന്യ സാമ്പിളുകള്‍ നല്‍കി ഇ-സിഗരറ്റിന് അടിമപ്പെടുത്തുന്ന ഗുരുതര വിപണന രീതിയും കമ്പനി സ്വീകരിച്ചതായി സമിതി കണ്ടെത്തി. വിവിധ ഫ്‌ളേവറുകളില്‍ ലഭിക്കുന്നു എന്നതും കുട്ടികളെ ഇ-സിഗരറ്റിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്.

കുട്ടികളില്‍ ഇ-സിഗരറ്റ് വില്‍പ്പന വ്യാപകമാക്കിയതിന് 2019 ലും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ജൂളിനെതിരെ നടപടി സ്വീകരിച്ചതാണ്. ജൂളിന്റെ ഇ-സിഗരറ്റ് 'തികച്ചും സുരക്ഷിതമാണ്' എന്ന പരസ്യ വാചകത്തോടെ സ്‌കൂള്‍ കുട്ടികളെ ഉപയോഗപ്പെടുത്തി പരസ്യചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി. തുടര്‍ന്ന് വിവിധ ഫ്‌ളേവറുകളിലുള്ള ഇ-സിഗരറ്റ് വില്‍പ്പന നിര്‍ത്തുകളും കമ്പനിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് പരസ്യം നീക്കം ചെയ്യുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.