ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു; ഇന്ത്യന്‍ വംശജ സ്യുവെല്ല ബ്രേവര്‍മാന്‍ ആഭ്യന്തരമന്ത്രി

ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു; ഇന്ത്യന്‍ വംശജ സ്യുവെല്ല ബ്രേവര്‍മാന്‍ ആഭ്യന്തരമന്ത്രി

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. സ്‌കോട്ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തിലെത്തിയ ട്രസിനെ ഔദ്യോഗിക ചടങ്ങുകളോടെ എലിസബത്ത് രാജ്ഞി പുതിയ പ്രധാനമന്ത്രിയായി അവരോധിച്ചു.

ഇന്നലെ രാവിലെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്ഞിയെ സന്ദര്‍ശിച്ച് ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയിരുന്നു. ലണ്ടനില്‍ തിരിച്ചെത്തിയ ട്രസ് പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ നമ്പര്‍ 10 ഡോണിങ് സ്ട്രീറ്റില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്തു പ്രസംഗിച്ചു.


ഒട്ടേറെ പ്രത്യേകതകളോടെയാണ് ലിസ് ട്രസിന്റെ മന്ത്രി സഭ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്. മന്ത്രിസഭയിലെ പ്രധാന വകുപ്പുകളില്‍ ഇംഗ്ലണ്ടില്‍ നിന്നല്ലാത്ത കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ വംശജയായ സ്യുവെല്ല ബ്രേവര്‍മാനാണ് ആഭ്യന്തരമന്ത്രി. കെനിയയില്‍ നിന്നും മൗറീഷ്യസില്‍ നിന്നുമാണ് സുയെല്ലയുടെ മാതാപിതാക്കള്‍ ബ്രിട്ടനിലേക്ക് കുടിയേറിയത്. പ്രീതി പട്ടേലിനു ശേഷം ആഭ്യന്തസെക്രട്ടറിയാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് ഇവര്‍. പൊലീസ്, കുടിയേറ്റം എന്നിവയുടെ ചുമതലയും സുയെല്ലക്കുണ്ട്.

വിദേശകാര്യ മന്ത്രിയായ ജയിംസ് ക്ലവര്‍ലി സിയറ ലിയോണില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ്. അമ്മ സിയറ വംശജയും പിതാവ് വെള്ളക്കാരനുമാണ്. ഇതോടെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനായി ക്ലെവെര്‍ലി. 1960 കളില്‍ ഘാനയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ക്വാസി ക്വാര്‍ടെങിനാണ് ധനകാര്യം.

ഡപ്യൂട്ടി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട തെരേസ കോഫിക്ക് ആരോഗ്യ വകുപ്പിന്റെ ചുമതലകൂടി നല്‍കിയിട്ടുണ്ട്. ബെന്‍ വാലസിന് പ്രതിരോധവും ബ്രന്‍ഡന്‍ ലെവിസിന് നിയമകാര്യവും നല്‍കി. നാദിം സഹാവി, പെന്നി മൊര്‍ഡോണ്ട്, ജെയ്ക് ബെറി, ജേക്കബ് റീസ്-മോഗ്, സൈമണ്‍ ക്ലാര്‍ക്ക്, കെമി ബാഡെനോക്ക്, ക്ലോ സ്മിത്ത്, കിറ്റ് മാള്‍ട്ട്ഹൗസ്, ആന്‍ മേരി ട്രെവെലിയന്‍, മിഷേല്‍ ഡൊണലന്‍, ക്രിസ് ഹീറ്റണ്‍-ഹാരിസ്, അലിസ്റ്റര്‍ ജാക്ക്, സര്‍ റോബര്‍ട്ട് ബക്ക്ലാന്‍ഡ് ക്യുസി എന്നിവരാണ് മറ്റ് മന്ത്രിമാര്‍. വെന്‍ഡി മോര്‍ട്ടനാണ് ചീഫ് വിപ്പ്.

ഒരു കാലത്ത് വെള്ളക്കാര്‍ മാത്രമായിരുന്നു ബ്രിട്ടീഷ് മന്ത്രിസഭയില്‍ 2002ല്‍ പോള്‍ ബോയെട്ടിങ് ട്രഷറി സെക്രട്ടറിയായി നിയമിതനായതോടെയാണ് മാറ്റം വന്നത്. പിന്നീട് ഇന്ത്യന്‍ വംശജനായ റിഷി സുനക് ധനകാര്യ സെക്രട്ടറിയായി. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ലിസ് ട്രസിന്റെ ശക്തനായ എതിരാളിയായിരുന്നു സുനക്.

എലിസബത്ത് രാജ്ഞിയുടെ 70 വര്‍ഷത്തെ ഭരണത്തില്‍ ആദ്യമായാണ് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിനു പുറത്ത് ബല്‍മോറലില്‍ അധികാര കൈമാറ്റം നടന്നത്. മാര്‍ഗരറ്റ് താച്ചര്‍, തെരേസ മേയ് എന്നിവരുടെ പിന്‍ഗാമിയായി എത്തുന്ന ബ്രിട്ടനിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. എലിസബത്ത് രാജ്ഞിയുടെ കീഴില്‍ അധികാരമേല്‍ക്കുന്ന 15ാമതു പ്രധാനമന്ത്രിയുമാണ് ട്രസ്. 1952 ല്‍ അധികാരമേറ്റ വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണു രാജ്ഞി നിയമിച്ച ആദ്യ പ്രധാനമന്ത്രി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.