മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന് അനുമതി; 18 വയസ് തികഞ്ഞവര്‍ക്ക് മാത്രം

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന് അനുമതി; 18 വയസ് തികഞ്ഞവര്‍ക്ക് മാത്രം

ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് നിര്‍മ്മിച്ച മൂക്കിലൂടെ നല്‍കാവുന്ന രാജ്യത്തെ ആദ്യത്തെ കോവിഡ് വാക്സിന്‍ നേസല്‍ വാക്സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി. വാഷിംഗ്ടണ്‍ സെന്റ് ലൂയിസ് സര്‍വകലാശാലയുടെ സഹായത്തോടെ വികസിപ്പിച്ചതാണ് ഈ വാക്‌സിന്‍.

ഏകദേശം 4000 സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ബിബിവി 154 എന്ന ഈ വാക്‌സിന് അടിയന്തര അനുമതി ലഭിച്ചത്. 18വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് അനുമതി.

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം നല്‍കുന്നതാണ് നേസല്‍ വാക്സിന്റെ അനുമതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റു ചെയ്തു.

ഈ വാക്‌സിന്‍ വീടുകളില്‍ സ്വയം ഉപയോഗിക്കാം. അതിന് നഴ്‌സുമാരുടെ സഹായം ആവശ്യമില്ല. 2-8 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാം. ചിമ്പാന്‍സികളില്‍ ജലദോഷമുണ്ടാക്കുന്ന വൈറസിനെ ഉപയോഗിച്ച് തയ്യാറാക്കുന്ന കോവിഡ് വൈറസിന്റെ നിരുപദ്രവകാരിയായ സ്പൈക്ക് പ്രോട്ടീനാണ് പ്രധാന ഘടകം. മൂക്കിലെ മ്യൂക്കസ് ദ്രവത്തിലൂടെ പടര്‍ന്ന് പ്രതിരോധ ആന്റിബോഡികള്‍ക്ക് പ്രേരണ നല്‍കും. കോവിഡ് വൈറസ് ആദ്യമെത്തുന്ന മൂക്കിലും ശ്വാസകോശത്തിലും പെട്ടെന്ന് പ്രതിരോധം തീര്‍ക്കും.

പ്രാഥമിക വാക്സിനായി ഉപയോഗിക്കാനാണ് അനുമതി. മറ്റ് വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നല്‍കാനും കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.