വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് തനിക്ക് പിതാവിനെ നഷ്ടമാക്കിയതെന്ന് രാഹുല്‍; ഭാരത് ജോഡോ യാത്രയ്ക്ക് വിപുലമായ ഒരുക്കം

വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് തനിക്ക്  പിതാവിനെ നഷ്ടമാക്കിയതെന്ന് രാഹുല്‍; ഭാരത് ജോഡോ യാത്രയ്ക്ക് വിപുലമായ ഒരുക്കം

ചെന്നൈ: ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് തന്റെ പിതാവിനെ നഷ്ടപ്പെടുത്തിയതെന്നും എന്നാല്‍ തന്റെ രാജ്യം അങ്ങനെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ശ്രീപെരുമ്പത്തൂരില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം ട്വിറ്ററില്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ മനസ് തുറന്നത്. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ പദയാത്രയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌നേഹം വിദ്വേഷത്തെ കീഴടക്കും. ഭയത്തെ പ്രതീക്ഷ കൊണ്ട് ഇല്ലാതാക്കാം. നാമൊരുമിച്ച് ഈ പ്രതിസന്ധികള്‍ തരണം ചെയ്യുമെന്നും രാഹുല്‍ കുറിച്ചു. നാലു ദശകത്തിനിടെ, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പദയാത്ര നടത്തുന്ന ആദ്യ രാഷ്ട്രീയ നേതാവ് താനാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസന് നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ പദയാത്ര. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഒന്നായി ഭാരത് ജോഡോ യാത്ര മാറുമെന്നും പാര്‍ട്ടിയില്‍ നവ ചൈതന്യമുണ്ടാക്കുമെന്നും രാഹുല്‍ പറഞ്ഞു. കന്യാകുമാരിയിലെത്തിയ അദ്ദേഹത്തിന് വന്‍ വരവേല്‍പാണ് ലഭിച്ചത്.

'ഒരുമിക്കുന്ന ചുവടുകള്‍; ഒന്നാകുന്ന രാജ്യം'- എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടാന്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ആറു മാസം നീളുന്ന ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ജോഡോ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഇന്ന് വൈകുന്നേരം മൂന്നിന് തിരുവള്ളൂര്‍, വിവേകാനന്ദ, കാമരാജ് സ്മാരകങ്ങള്‍ സന്ദര്‍ശിച്ച ശേഷം പൊതു യോഗം ആരംഭിക്കും. 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഈ മാസം 11 ന് കേരളത്തിലെത്തും. സംസ്ഥാനത്ത് ഭാരത് ജോഡോ യാത്രയ്ക്ക് വലിയ മുന്നൊരുക്കങ്ങളാണ് നടന്നു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.