കൊച്ചി: ഓണം മലയാളിക്ക് വിളവെടുപ്പിന്റെ മഹോത്സവമാണ്. ദാരിദ്ര്യവും കഷ്ടതകളും ഇല്ലാതാകുന്ന കൊയ്ത്തുത്സവം. എന്നാല്‍ ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രശ്നങ്ങളാണ് ഈ ഓണക്കാലത്ത് ഏറെ വേദനിപ്പിക്കുന്നത്.
രണ്ട് മാസമായി ശമ്പളം മുടങ്ങിയ പലരും എങ്ങനെ ഓണം ആഘോഷിക്കും എന്ന ചിന്തയിലാണ്. മക്കള്‍ക്ക് പുതിയ വസ്ത്രം വാങ്ങാന്‍ പോയിട്ട് മരുന്ന് വാങ്ങാന്‍ പോലും പണമില്ല എന്ന പരാതികളാണ് പലയിടത്തു നിന്നും ഉയരുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി പല യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.
ഏറെ നാളത്തെ പ്രതിഷേധത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പലര്‍ക്കും ഇന്നും ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം കിട്ടാത്തതുകൊണ്ട് ഓണപ്പിരിവ് ചോദിച്ച് ആരും വീട്ടിലേക്ക് വരരുതെന്നാണ് ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മുന്നറിയിപ്പ്.
വീടിന്റെ മുന്‍പില്‍ ഭിത്തിയില്‍ നോട്ടീസ് പതിപ്പിച്ചാണ് പിരിവുകാരോട് ഈ ജീവനക്കാരന്‍ തന്റെ ദയനീയ അവസ്ഥ അറിയിക്കുന്നത്. നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.
'ഈ വീട്ടില്‍ താമസിക്കുന്നത് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാരനാണ്. ദയവായി പിരിവ് കൂടി വാങ്ങിച്ച് ബുദ്ധിമുട്ടിക്കരുത്, അപേക്ഷയാണ്'. എന്നാണ് നോട്ടീസില്‍ പറയുന്നത്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓണക്കാലത്ത് അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ് നോട്ടീസെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ശമ്പളം നല്‍കാന്‍ ഇന്നലെ 100 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓണാവധി തുടങ്ങുന്നതിനാല്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷത്തിനും ഇത് കിട്ടാന്‍ സാധ്യതയില്ല.
നേരത്തെ ഹൈക്കോടതി ഇടപെടലിലൂടെ കുറച്ച് പണം നല്‍കി ബാക്കി സപ്ലൈകോയിലും മറ്റും ഉപയോഗിക്കാവുന്ന കൂപ്പണുകള്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നെങ്കിലും ജീവനക്കാര്‍ ശക്തമായി എതിര്‍പ്പുമായി മുന്നോട്ടു വരികയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.