രാജ്യത്തിന്റെ ഹൃദയ സ്പന്ദനമറിയാന്‍ രാഹുല്‍; ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമായി

രാജ്യത്തിന്റെ ഹൃദയ സ്പന്ദനമറിയാന്‍ രാഹുല്‍; ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമായി

150 ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്ര 3570 കിലോ മീറ്റര്‍ സഞ്ചരിച്ച് 2023 ജനുവരി 30 ന് കാശ്മീരില്‍ സമാപിക്കും. മനസുകൊണ്ട് യാത്രയ്‌ക്കൊപ്പമെന്ന് സോണിയാ ഗാന്ധി.

കന്യാകുമാരി: 'ഒരുമിക്കുന്ന ചുവടുകള്‍; ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യമുയര്‍ത്തി  രാജ്യത്തിന്റെ ഹൃദയം തൊട്ടറിയാനുള്ള 'ഭാരത് ജോഡോ' യാത്രയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാഹുലിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.

കന്യാകുമാരില്‍ നിന്ന് കാശ്മീര്‍ വരെ 150 ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്ര 2023 ജനുവരി 30 ന് സമാപിക്കും. 3570 കിലോ മീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പിന്നിടുന്നത്. 117 സ്ഥിരം യാത്രികര്‍ രാഹുലിനൊപ്പമുണ്ട്. കൂടാതെ ഒരോ പ്രദേശങ്ങളിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാത്രയ്‌ക്കൊപ്പം ചേരും. ഈ മാസം 11 മുതല്‍ 29 വരെ കേരളത്തിലാണ് യാത്ര.

കേരളത്തില്‍ നിന്ന് എട്ടു പേരാണ് സ്ഥിരാംഗങ്ങളായി പങ്കെടുക്കുക. യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്‍ അധ്യക്ഷന്‍ ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി മഞ്ജുക്കുട്ടന്‍,കെ.എസ്.യു  ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബാ രാമചന്ദ്രന്‍, കെ.ടി. ബെന്നി, എം.എ. സലാം, ഗീതാ രാമൃഷ്ണന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള സ്ഥിരം അംഗങ്ങള്‍.

ഓരോ ദിവസവും രണ്ടു ഘട്ടങ്ങളായാണ് ഭാരത് ജോഡോ പദയാത്ര. രാവിലെ ഏഴു മുതല്‍ പത്തു വരെയും വൈകുന്നേരം നാല് മുതല്‍ ഏഴു വരെയും. രാവിലെ നടക്കുന്ന പദയാത്രയില്‍ ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ രണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും അണിചേരും. വൈകുന്നേരങ്ങളില്‍ കൂടുതല്‍ ജന പങ്കാളിത്തം ഉറപ്പാക്കും. രണ്ടു ഘട്ടങ്ങളിലും പൊതു ജനങ്ങളുടെ സഞ്ചാര സൗകര്യം ഉറപ്പാക്കിയാകും യാത്ര. ഇതിന് ജില്ലാ പൊലീസിന്റെ സഹായം കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട്.

വലിയ പൊതു സമ്മേളനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം ഓരോ ജില്ലയിലെയും വിവിധ വിഭാഗങ്ങളില്‍പ്പെട്ട പൊതുജനങ്ങളുമായി രാഹുല്‍ ഗാന്ധി ആശയ വിനിമയവും സംവാദവും നടത്തും. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാലു വരെയാണ് സംവാദം. കൃഷിക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, വനിതകള്‍, സാംസ്‌കാരിക നായകര്‍, കലാകാരന്മാര്‍, മത നേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, അഭിഭാഷകര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരെല്ലാം സംവാദത്തില്‍ പങ്കെടുക്കും.

അവര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാകും കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍. പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്ന ദേശീയ വികസന നയരേഖയിലും ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും. ഓരോ സംസ്ഥാനത്തെയും പിസിസികള്‍ക്കാണ് പദയാത്രയുടെ നിയന്ത്രണം.

മുഖ്യമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, പിസിസി ഭാരവാഹികള്‍, ഡിസിസി നേതാക്കള്‍, ബ്ലോക്ക്, മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരെല്ലാം ഭാരത് ജോഡോ യാത്രയുടെ പങ്കാളികളാകും. ഗതാഗതക്കുരുക്കുണ്ടാകാത്ത തരത്തില്‍ ജാഥ കടന്നു പോകുന്ന ഓരോ പോയിന്റിലും പ്രവര്‍ത്തകര്‍ ഒത്തുകൂടും.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളും ബിജെപി ഭരണത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളും സാധാരണ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള അവസരമായാണ് ഭാരത് ജോഡോ യാത്രയെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. മാത്രമല്ല, തകര്‍ന്നു പോയ പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനും യാത്ര സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.