വെല്‍ഡണ്‍ (കാനഡ): കാനഡയിലെ സസ്‌കാഷെവാന്‍ പ്രവിശ്യയില്‍ കഴിഞ്ഞാഴ്ച്ചയിലുണ്ടായ കത്തിക്കുത്ത് ആക്രമണ പരമ്പരയില്‍ കുറ്റവാളിയെന്ന് സംശയിക്കുന്ന രണ്ടാമനെയും പൊലീസ് പിടികൂടി. 30 കാരനായ മൈല്‍സ് സാന്‍ഡേഴ്‌സണെയാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് പിടികൂടിയത്. ഇയാളുടെ സഹോദരനും കൃത്യത്തില്‍ പങ്കെടുത്തതായി പെലീസ് സംശയിക്കുന്നതുമായ ഡാമിയന്‍ സാന്‍ഡേഴ്‌സനെ (31) സംഭവത്തിന് തൊട്ടടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൈല്‍സ് തന്നെയാണോ സഹോദരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷിച്ച് വരികെയാണ്.
സസ്‌കാച്ചെവാനിലെ റോസ്തേണ്‍ പട്ടണത്തിന് സമീപത്തു നിന്നാണ് മൈല്‍സ് സാന്‍ഡേഴ്‌സണിനെ പിടികൂടിയത്. വൈറ്റ് ഷെവി സബര്‍ബനില്‍ കത്തിയുമായി ഒരാള്‍ ഓടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടെത്തുകയായിരുന്നു. ഏറെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികെയാണെന്ന് പൊലീസ് മേധാവി ഇവാന്‍ ബ്രേ പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രണം ഉണ്ടായത്. 2,500 പേര്‍ അധിവസിക്കുന്ന സസ്‌കാഷെവാനിലെ ജെയിംസ് സ്മിത്ത് ക്രീ നേഷന്‍, വെല്‍ഡന്‍ എന്നിവിടങ്ങളിലെ 13 വ്യത്യസ്ത സ്ഥലങ്ങളിലായി ഇരുവരും ചേര്‍ന്ന് അഴിച്ചുവിട്ട ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 18 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞു. പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ ഏജന്റുമാരോ ആകാമെന്ന് ഇവാന്‍ ബ്രേ പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ ഒമ്പത് പേരും ജെയിംസ് സ്മിത്ത് ക്രീ നേഷനില്‍ നിന്നുള്ളവരാണ്. രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ചു കയറിയാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ടവരും കുറ്റവാളികളുമായി യാതൊരു ശത്രുതയും ഇല്ല. പ്രതികളിലെ ക്രിമിനല്‍ സ്വഭാവമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
കൊലപാതകം ഉള്‍പ്പടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് ഇരുവരും. കവര്‍ച്ചയും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നാല് വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയായിരുന്ന മൈല്‍സ് ഫെബ്രുവരിയിലാണ് പരോളില്‍ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട മൈല്‍സിനെ മെയ് മുതല്‍ പൊലീസ് തിരയുകയായിരുന്നു. മൈല്‍സിന് പരോള്‍ നല്‍കിയത് ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് അന്വേഷിക്കുമെന്ന് കനേഡിയന്‍ പബ്ലിക് സേഫ്റ്റി മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.