സിഡ്‌നിയില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടം; ഡ്രൈവര്‍ അമിത വേഗത്തിന് രണ്ട് തവണ ലൈസന്‍സ് റദ്ദാക്കപ്പെട്ട ആള്‍

സിഡ്‌നിയില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടം; ഡ്രൈവര്‍ അമിത വേഗത്തിന് രണ്ട് തവണ ലൈസന്‍സ് റദ്ദാക്കപ്പെട്ട ആള്‍

സിഡ്നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്നിക്ക് സമീപം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന 18 കാരന്‍ എഡ്വേര്‍ഡ്‌സ് മോശം ഡ്രൈവിംഗിന് പലതവണ ശിക്ഷിക്കപ്പെട്ടയാളാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. മുന്‍പ് രണ്ട് തവണ ലൈസന്‍സ് സസ്‌പെന്റ് ചെയ്യപ്പെട്ടതാണ്. കഴിഞ്ഞ ജൂലൈയില്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ 'മോശം ഡ്രൈവിംഗ് ശീലമുള്ള ആള്‍' എന്ന് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. അപകടകരമായി വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയത് ഉള്‍പ്പടെ അഞ്ച് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഭാഗം ജാമന്യത്തിനായി വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.

ബാര്‍ഗോയിലെ സാധാരണ കുടുംബത്തില്‍ നിന്നുള്ള എഡ്വേര്‍ഡ്സ് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുമെന്നും ദിവസേന പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും അംഗീകരിച്ചില്ല. എന്നാല്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധിനിക്കാനും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.

എഡ്വേര്‍ഡ്‌സ് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ആളാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹത്തിന് മാനസിക ചികിത്സ ആവശ്യമാണെന്നും മജിസ്ട്രേറ്റ് മാര്‍ക്ക് ഡഗ്ലസ് പറഞ്ഞു. ഇത്തരം മാനസികാവസ്ഥയുള്ള ആള്‍ ജാമ്യവ്യവസ്ഥകള്‍ പാലിക്കുമെന്ന് വിശ്വാസിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

അപകടത്തിന് മുന്‍പ് എഡ്വേര്‍ഡ് മൊബൈല്‍ ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. വളവുകളില്‍ മൊബൈല്‍ ഫോണ്‍ ഇരുകൈകളിലേക്ക് പരസ്പരം മാറ്റി സ്റ്റിയറിംഗില്‍ ഇടത് വലത് കൈകള്‍ മാറിമാറി ഉപയോഗിക്കുന്നതിന്റെ ദൃശ്യവും വീഡിയോയിലുണ്ട്. വാഹനം 90 കിലോമീറ്റര്‍ വേഗതയിലായിരുന്നു. കാറിനുള്ളില്‍ നിന്ന് ഉച്ചത്തിലുള്ള സംഗീതത്തിന്റെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ നിയന്ത്രണം തെറ്റിയാണ് അപകടം ഉണ്ടായതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കേസ് നവംബറില്‍ വീണ്ടും പരിഗണിക്കും.

ചൊവ്വാഴ്ച്ച രാത്രിയാണ് സിഡ്നിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറ് മാറി ബക്സ്റ്റണില്‍ കാര്‍ മരത്തില്‍ ഇടിച്ചുകയറി അപകടം ഉണ്ടായത്. ന്യൂ സൗത്ത് വെയില്‍സിലെ പിക്ടണ്‍ ഹൈസ്‌കൂളിലെ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകടത്തില്‍ മരണം സംഭവിച്ചു. 14 വയസുള്ള രണ്ട് പെണ്‍കുട്ടികളും 15 വയസുള്ള ഒരു പെണ്‍കുട്ടിയും 15 ഉം 16 ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ആറു പേരുണ്ടായിരുന്ന വാഹനത്തില്‍ ഡ്രൈവര്‍ ആയിരുന്ന എഡ്വേര്‍ഡ് മാത്രമാണ് രക്ഷപെട്ടത്. ഗുരുത പരിക്കോടെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


കൂടുതല്‍ അറിയാന്‍...

സിഡ്‌നിയില്‍ കാര്‍ മരത്തില്‍ ഇടിച്ചു തകര്‍ന്ന് അഞ്ചു സ്‌കൂള്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം; പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.