ലണ്ടന്‍: ബ്രിട്ടണില്‍ ആരോഗ്യ സെക്രട്ടറിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി സ്ഥാനമേറ്റ തെരേസ് കോഫി തികഞ്ഞ പ്രോ ലൈഫ് പ്രവര്‍ത്തക. പ്രധാനമന്ത്രി ലിസ് ട്രസിന്റെ വിശ്വസ്തയായ തെരേസ് കത്തോലിക്കാ വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ്. 51 വയസുകാരിയായ തെരേസയുടെ നിയമനത്തില്‍ കത്തോലിക്ക വിശ്വാസികള്‍ ആഹ്‌ളാദം പ്രകടിപ്പിക്കുമ്പോഴും ഭ്രൂണഹത്യ, ദയാവധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ശക്തമാണ്.
ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തോളം തന്നെ പ്രാധാന്യത്തോടെ ജനങ്ങള്‍ ഉറ്റുനോക്കുന്ന മറ്റൊരു സ്ഥാനമാണ് ആരോഗ്യമന്ത്രിയുടേത്. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നതാണ് കോഫിയുടെ നയമെന്നതാണ് വിമര്‍ശനത്തിനു കാരണം. തെരേസയുടെ ആരോഗ്യമന്ത്രിയായുള്ള നിയമനം ആശങ്കപ്പെടുത്തുന്നതാണെന്ന് ബ്രിട്ടീഷ് പ്രെഗ്‌നന്‍സി അഡൈ്വസറി സര്‍വീസ് ചീഫ് എക്‌സിക്യൂട്ടീവ് ക്ലെയര്‍ മര്‍ഫി പ്രതികരിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള സ്ത്രീകള്‍ക്ക് വീട്ടില്‍ തന്നെ ഗുളിക കഴിച്ച് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് നിയമപരമായ അനുമതി നല്‍കിയതിനെതിരേ തെരേസ് അടുത്തിടെ വോട്ട് ചെയ്തിരുന്നു. നേരത്തെ കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് വീട്ടില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കപ്പെട്ടിരുന്നത്. എന്നാല്‍, പിന്നീടും അതു തുടര്‍ന്നു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ഗുളികകള്‍ കഴിച്ചു കൊണ്ടുള്ള ഈ ഗര്‍ഭച്ഛിദ്രത്തിന് സര്‍ജറിയോ അനസ്‌തേഷ്യയോ ആവശ്യമില്ല. ഇത്തരത്തില്‍ ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതിനെതിരേ തെരേസ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം ഇംഗ്ലണ്ടില്‍ ഇതിനകം നടപ്പാക്കിയിട്ടുള്ള ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തെരേസ് കോഫി വ്യക്തമാക്കിയിട്ടുണ്ട്. 'ആളുകള്‍ ഗര്‍ഭച്ഛിദ്രം ചെയ്യരുതെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും എന്നാല്‍ അതു ചെയ്യുന്നവരെ കുറ്റപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.
സ്വവര്‍ഗ വിവാഹ നിയമനിര്‍മ്മാണത്തിനും ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ ഉദാരമാക്കുന്നതിനും എതിരേ തെരേസ് വോട്ട് ചെയ്തിരുന്നു. 2015 സെപ്റ്റംബര്‍ 11-ന് ദയാവധത്തിനെതിരേ എംപി എന്ന നിലയില്‍ വോട്ട് ചെയ്തതാണ് തന്റെ ജീവിതത്തിലെ അഭിമാനകരമായ നിമിഷമെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയത്തില്‍ ഒരു കത്തോലിക്ക വിശ്വാസിയായി നിലനില്‍ക്കുന്നത് ബുദ്ധിമുട്ടാണോ എന്ന മാധ്യമപ്രവത്തകന്റെ ചോദ്യത്തിന്, വിശ്വാസികളായ ആളുകള്‍ക്ക് പല കാര്യങ്ങളിലും വ്യത്യസ്തമായ വീക്ഷണങ്ങളായിരിക്കും ഉണ്ടാകുകയെന്ന് തെരേസ് കോഫി മറുപടി പറഞ്ഞിരുന്നു. തന്റെ നിലപാടുകളോട് പൂര്‍ണമായും വിയോജിക്കുന്ന സുഹൃത്തുക്കളും തനിക്കുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.