വിഴിഞ്ഞം ഉപവാസം ഇന്ന് ആറാം ദിവസം; തുടര്‍ നീക്കങ്ങള്‍ക്കായി സമര സമിതി യോഗം ഉടന്‍

 വിഴിഞ്ഞം ഉപവാസം ഇന്ന് ആറാം ദിവസം; തുടര്‍ നീക്കങ്ങള്‍ക്കായി സമര സമിതി യോഗം ഉടന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാം ദിവസം. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലില്‍ മൂന്ന് വൈദികരും മൂന്ന് മത്സ്യതൊഴിലാളികളും ഉപവാസമിരിക്കും. ഉപരോധസമരത്തിന്റെ ഇരുപത്തിയഞ്ചാം ദിവസമായ ഇന്ന് ചെറിയതുറ കൊച്ചുതോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് സമരപരിപാടികള്‍.

കൂടാതെ തുടര്‍നീക്കങ്ങള്‍ ആലോചിക്കാന്‍ സമരസമിതി ഉടന്‍ യോഗം ചേരും. പതിനാലാം തീയതി മൂലംപള്ളിയില്‍ നിന്ന് ആരംഭിക്കുന്ന ജനബോധന യാത്രയോടെ തുറമുഖ വിരുദ്ധസമരം സംസ്ഥാന വ്യാപകമാക്കാനാണ് അതിരൂപതയുടെ തീരുമാനം. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനത്തോടെ വിഷയത്തിലെ സമവായവും അനിശ്ചിതത്വത്തിലാണ്.

നിരാഹാരം ഇരുന്നായിരുന്നു തിരുവോണ ദിനമായ ഇന്നലത്തെ സമരം. സര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചകള്‍ വഴി മുട്ടിയതോടെ സമരം വ്യാപിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് ലത്തീന്‍ അതിരൂപത. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് എതിരായാണ് വിഴിഞ്ഞം സമരമെന്ന് ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം പറഞ്ഞു.

വിഴിഞ്ഞത്തിന് പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നതെന്ന് പറയുന്നവര്‍ തീരദേശത്തിന്റെ പ്രത്യേകത അറിയാത്തവരാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത തവളമായിരുന്നു വിഴിഞ്ഞം. അത് തകര്‍ത്തു. തങ്ങളെ വികസന വിരോധികളായി സര്‍ക്കാര്‍ ചിത്രീകരിച്ചു. സ്വാധീനം ഉപയോഗിച്ചു തുറമുഖത്തിനുള്ള അനുമതി നേടിയെടുത്തു. സര്‍ക്കാര്‍ തീരദേശത്തെ വഞ്ചിക്കുകയായിരുന്നു. പദ്ധതിയെ പറ്റി ആദ്യഘട്ടത്തില്‍ പൂര്‍ണ വ്യക്തത ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും ലത്തീന്‍ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ല. കേരളത്തിന്റെ മുഖച്ഛായ മാറും എന്ന് പ്രചരിപ്പിച്ചാണ് തുറമുഖ നിര്‍മാണ ചര്‍ച്ചകള്‍ തുടങ്ങിയത്. തുറമുഖ നിര്‍മാണം കാരണം ആഴമായി മുറിവേറ്റു. ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം.

അങ്ങേയറ്റം ആത്മസംയമനം പാലിച്ചുകൊണ്ടാണ് ഇപ്പോള്‍ സമരം. മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല എന്നു പറയുന്നില്ല. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കുന്നില്ല. പക്ഷെ ഉറപ്പുകള്‍ പാലിക്കുന്നതില്‍ മെല്ലെപ്പോക്ക് ആണെന്നും ഡോ.എം സൂസപാക്യം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.