എലിസബത്ത് രാജ്ഞി മട്ടാഞ്ചേരി പരദേശി സിനഗോഗില്‍ എത്തിയപ്പോള്‍. സമീപം ജൂത വിഭാഗക്കാരുടെ പ്രതിനിധി സമ്മി ഹല്ലേഗുവ
കൊച്ചി: ലോകം മുഴുവന്‍ നീണ്ട ബ്രിട്ടീഷ് രാജ്ഞിയുടെ സന്ദര്‍ശനത്തില്‍ കേരളവും ഉള്‍പ്പെട്ടിരുന്നു. 1997-ലാണ് രാജ്ഞി കൊച്ചിയിലെത്തിയത്. അന്ന് ആറ് മണിക്കൂറാണ് രാജ്ഞി കൊച്ചിയില്‍ ചെലവഴിച്ചത്. ആ സന്ദര്‍ശനത്തിന് സാക്ഷ്യം വഹിച്ച പലരും ഇപ്പോഴും അവിസ്മരണീയമായ ആ ദിനത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാറുണ്ട്.
എലിസബത്ത് രാജ്ഞി മൂന്ന് തവണയാണ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളത്. 1961, 1983, 1997 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്. മൂന്നാം തവണ എത്തിയപ്പോഴാണ് രാജ്ഞി ആദ്യമായി കേരളം സന്ദര്‍ശിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ പള്ളിയായ കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് പള്ളി സന്ദര്‍ശിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
1997 ഒക്ടോബര്‍ 17-നാണ് രാജ്ഞി മട്ടാഞ്ചേരി പരദേശി സിനഗോഗില്‍ എത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മട്ടാഞ്ചേരിയിലെ ജൂത കേന്ദ്രത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് കൊച്ചിയിലെ യഹൂദരെ സന്ദര്‍ശിക്കാന്‍ രാജ്ഞി എത്തിയത്.
പുരാതന തോറയുടെ ചുരുളുകളും സ്വര്‍ണ്ണ കിരീടവും രാജ്ഞിയെ കാണിക്കുന്നു
കൊച്ചി നാവികസേനാ എയര്‍പോര്‍ട്ടിലാണ് രാജ്ഞി സഞ്ചരിച്ച വിമാനം വന്നിറങ്ങിയത്. നഗരത്തില്‍ എത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ കര്‍ശന നിയന്ത്രണങ്ങളോടെ കൊച്ചിയില്‍ അതീവ സുരക്ഷ ഒരുക്കിയിരുന്നു. റാപ്പിഡ് ആക്ഷന്‍ ഫോഴ്സും കേരള ആംഡ് പോലീസും ചേര്‍ന്നാണ് റോഡുകള്‍ തടഞ്ഞത്. സന്ദര്‍ശന വേളയില്‍ അന്നത്തെ എഡിന്‍ബര്‍ഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു. ഇരുവരും നഗരത്തിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയും പോര്‍ച്ചുഗീസ് സഞ്ചാരിയായ വാസ്‌കോഡ ഗാമയുടെ ശവകുടീരവും സന്ദര്‍ശിച്ചു.
ബ്രിട്ടീഷ് രാജ്ഞിയെ കാണാന്‍ മട്ടാഞ്ചേരിയിലെ തെരുവുകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. രാജ്ഞിയുടെ സുരക്ഷയ്ക്കായുള്ള കര്‍ശന നടപടികളുടെ ഭാഗമായി, എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താന്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരും ഭാര്യയും ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് മാത്രമായിരുന്നു അവസരം. കൊച്ചിയിലെ ജൂത വിഭാഗക്കാരെ പ്രതിനിധീകരിച്ച്, സമ്മി ഹല്ലേഗുവ നിരവധി സമ്മാനങ്ങളും രാജ്ഞിക്ക് സമ്മാനിച്ചിരുന്നു.
കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലായിരുന്നു രാജ്ഞിക്ക് ഉച്ചഭക്ഷണം ഒരുക്കിയത്. സ്‌പെഷ്യല്‍ കേരള വിഭവങ്ങളാണ് അന്ന് തീന്‍മേശയില്‍ വിളമ്പിയത്. അന്നത്തെ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന മോഹിനിയാട്ടവും രാജ്ഞിക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു.
ഫോര്‍ട്ട്‌കൊച്ചി ഫിഷര്‍മെന്‍ കോളനിയില്‍ എത്തിയ രാജ്ഞി മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചത് അവിടുള്ളവരുടെ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഫിഷര്‍മെന്‍ കോളനിയുടെ ഉദ്ഘാടന വേളയും കൂടിയായിരുന്നു അത്. അന്ന് സ്ഥാപിച്ച ശിലാഫലകം കോളനിയിലുണ്ട്. പല വീടുകളും അന്ന് രാജ്ഞി സന്ദര്‍ശിച്ചിരുന്നു. ആറ് മണിക്കൂര്‍ മാത്രമാണ് ഇരുവരും കൊച്ചിയില്‍ ചിലവഴിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.