ചാള്‍സിന് ഇനി വര്‍ഷത്തില്‍ രണ്ട് ജന്മദിനമുണ്ടാകും; പാസ്പോര്‍ട്ടും ലൈസന്‍സും വേണ്ട: ബ്രിട്ടീഷ് രാജാവിന്റെ അവകാശങ്ങള്‍ അസാധാരണം

ചാള്‍സിന് ഇനി വര്‍ഷത്തില്‍ രണ്ട് ജന്മദിനമുണ്ടാകും; പാസ്പോര്‍ട്ടും  ലൈസന്‍സും വേണ്ട: ബ്രിട്ടീഷ് രാജാവിന്റെ അവകാശങ്ങള്‍ അസാധാരണം

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്റെ അടുത്ത രാജാവാകുന്ന ചാള്‍സിന് ലോകത്ത് മറ്റാര്‍ക്കും ലഭിക്കാത്ത ചില പ്രത്യേക സൗജന്യങ്ങളും അവകാശങ്ങളുമുണ്ട്. ഇംഗ്ലണ്ടിലെ രാജാവിന് വര്‍ഷത്തില്‍ രണ്ട് പിറന്നാള്‍ ആഘോഷമുണ്ട് എന്നതാണ് അതില്‍ ഏറ്റവും വ്യത്യസ്തമായത്. വാഹനമോടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല.

ചാള്‍സ് മൂന്നാമന്‍ എന്ന പേരില്‍ അധികാരമേല്‍ക്കുന്ന ചാള്‍സ് രാജകുമാരന് ലോകത്തെവിടെയും സഞ്ചരിക്കാന്‍ പാസ്പോര്‍ട്ടോ, ലൈസന്‍സോ വേണ്ട. രാജാവിന്റെ പേരിലാണ് ഈ രേഖകള്‍ നല്‍കുന്നത് എന്നതു കൊണ്ടാണിത്. രാജാവിന്റെ പേരില്‍ ആവശ്യമായ സംരക്ഷണങ്ങളോടെ തടസമില്ലാതെ യാത്ര ചെയ്യാന്‍ ആവശ്യപ്പെടുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നാണ് ലൈസന്‍സിലും പാസ്പോര്‍ട്ടിലുമുളള ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥയ്ക്കനുസരിച്ചാണ് രാജാവിന് രണ്ട് പിറന്നാള്‍ വരിക. ചാള്‍സിന്റെ അമ്മ എലിസബത്ത് രാജ്ഞിയ്ക്ക് രണ്ട് പിറന്നാളാണ് ഉണ്ടായിരുന്നത്. യഥാര്‍ത്ഥ ജന്മദിനമായ ഏപ്രില്‍ 21 ഉം, പൊതു ആഘോഷത്തിനായി ജൂണ്‍ മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയിലെ ആഘോഷവും. ആദ്യ ജന്മദിനം സ്വകാര്യമായേ ആഘോഷിക്കൂ. പൊതു ഇടങ്ങളില്‍ ആഘോഷിക്കാന്‍ കൊളളാവുന്ന കാലാവസ്ഥ ജൂണ്‍ മാസത്തിലേതായതിനാലാണ് രണ്ടാം പിറന്നാള്‍ ആഘോഷം.

ചാള്‍സിന്റെ പിറന്നാള്‍ നവംബര്‍ 14നാണ്. അതിനാല്‍ തന്നെ ചൂടുകാലത്ത് മറ്റൊരു ഔദ്യോഗിക പിറന്നാളുണ്ടാകും. 250 വര്‍ഷത്തിലേറെ പഴക്കമുളള 'ട്രൂപ്പിംഗ് ദി കളര്‍' എന്ന പൊതുചടങ്ങ് നടക്കാറുണ്ട്. 1400 ലധികം സൈനികര്‍, 200 കുതിരകള്‍, 400 സംഗീതജ്ഞര്‍ എന്നിങ്ങനെ പങ്കെടുക്കുന്ന കൃത്യതയാര്‍ന്ന ഒരാഘോഷവുമുണ്ട്. സെന്‍ട്രല്‍ ലണ്ടനില്‍ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ രാജകുടുംബാംഗങ്ങള്‍ ഈ ചടങ്ങ് വീക്ഷിക്കുമ്പോള്‍ റോയല്‍ എയര്‍ഫോഴ്സ് ഒരു ഫ്‌ളൈപാസ്റ്റ് നല്‍കാറുണ്ട്.

രാജ്യത്തിന്റെ ഭരണ വിഭാഗ തലവന്‍ എന്ന നിലയില്‍ രാജാവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും കൃത്യമായി അകന്നു നില്‍ക്കണം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിനും പാര്‍ലമെന്റിലെ നിയമ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കുന്നതിനും പ്രധാനമന്ത്രിയുമായി പ്രതിവാര യോഗം ചേരാനും രാജാവിന് സാധിക്കും. ഇംഗ്ലണ്ട് ആന്റ് വെയില്‍സ് എന്ന പ്രദേശത്തെ വസ്തു വകകളുടെ ഉടമസ്ഥാവകാശവും രാജാവിനാണ്.

ജനങ്ങളെ കൂടാതെ മൃഗങ്ങളെയും രാജാവ് സംരക്ഷിക്കുന്നു എന്ന സങ്കല്‍പമുണ്ട്. ഇംഗ്ലണ്ടിലെ എല്ലാ അരയന്നങ്ങളുടെയും ഉടമ രാജാവാണ്. അരയന്നങ്ങളുടെ മാത്രമല്ല ഡോള്‍ഫിന്‍, സ്റ്റര്‍ജന്‍ മത്സ്യങ്ങള്‍, തിമിംഗലങ്ങള്‍ എന്നിവയുടെയും ഉടമസ്ഥാവകാശം രാജാവിനാണ്.

ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ബ്രിട്ടീഷ് രാജകുടുംബത്തിന് ഒരു ഔദ്യോഗിക കവിയുണ്ടാകും. പതിനേഴാം നൂറ്റാണ്ടിലാരംഭിച്ച പതിവാണിത്. 2009 ല്‍ കരോള്‍ ആന്‍ ഡഫി ഔദ്യോഗിക കവിയാകുന്ന ആദ്യ വനിതയായി മാറി. 2011 ല്‍ വില്യം രാജകുമാരന്റെ വിവാഹത്തിനും എലിസബത്ത് രാജ്ഞിയുടെ 60-ാം ഭരണ വാര്‍ഷികത്തിനും ഹാരി രാജകുമാരന്റെ വിവാഹം 2018 ല്‍ നടന്നപ്പോഴും കരോള്‍ കവിതയെഴുതി സമര്‍പ്പിച്ചിരുന്നു.

രാജാവിന് ആവശ്യമായ സാധനങ്ങളും സേവനങ്ങളും കൃത്യമായി എത്തിക്കുന്നവര്‍ക്ക് റോയല്‍ വാറന്റ് നല്‍കും. ഇതുവഴി അവരുടെ ഉല്‍പ്പന്ന വില്‍പനയ്ക്ക് ലോകമാകെ വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്. കാഡ്ബറി, ബര്‍ബെറി, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍, സാംസംഗ്, വൈറ്റ്റോസ് സൂപ്പര്‍ മാര്‍ക്കറ്റ് എന്നീ കമ്പനികള്‍ക്ക് നിലവില്‍ ഇത്തരത്തില്‍ റോയല്‍ വാറന്റുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.