കാന്‍ബറ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനെ കൂടാതെ 14 കോമണ്‍വല്‍ത്ത് രാജ്യങ്ങള്‍ക്കാണ് അവരുടെ രാജ്ഞിയെ നഷ്ടമായിരിക്കുന്നത്. പുതിയ രാജാവ് ചുമതലയേല്‍ക്കുന്നതോടെ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഇനി അവരുടെ ഭരണഘടന ഭേദഗതി ചെയ്ത് രാജാവിന്റെ കീഴിലേക്ക് മാറും.
ഓസ്‌ട്രേലിയ, ആന്റിഗ്വ, ബാര്‍ബഡോസ്, ദ ബഹ്‌മാസ്, ബലിസേ, കാനഡ, ഗ്രെനേഡ, ജമൈക്ക, ന്യൂസീലാന്‍ഡ്, പാപുവാ ന്യൂഗിന, സെയിന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെയിന്റ് ലൂസിയ, സെയ്ന്റ് വിന്‍സെന്റ്, ഗ്രെനാഡിന്‍സ്, സോളമന്‍ ഐലന്‍സ്, ടുവാലു എന്നിവയാണ് ഗ്രേറ്റ് ബ്രിട്ടന്‍ കൂടാകെ രാജ്ഞിയെ തങ്ങളുടെ തലപ്പത്ത് അംഗീകരിച്ചിട്ടുള്ള രാജ്യങ്ങള്‍.
ഈ രാജ്യങ്ങളുടെ കറന്‍സികളില്‍ രാജ്ഞിയുടെ മുഖചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഈ രാജ്യങ്ങളുടെയെല്ലാം ദേശീയഗാനം, പാസ്‌പോര്‍ട്ട്, പോലീസ് യൂണിഫോം, കറന്‍സികള്‍ എന്നിവയിലെല്ലാം രാജ്ഞിയുടെ മരണം മാറ്റങ്ങള്‍ വരുത്തും.
ബ്രിട്ടന്റെ ദേശീയ ഗാനം, കറന്‍സി, പാസ്‌പോര്‍ട്ട് എന്നിവയെല്ലാം മാറും. നിത്യേന ബ്രിട്ടീഷ് ജനത കൈകാര്യം ചെയ്തിരുന്ന പലതിലും ഇനി എലിസബത്ത് രാജ്ഞിയുടെ മുഖം ഉണ്ടാവില്ല. എലിസബത്ത് രാജ്ഞിയുടെ മുഖത്തോടെയുള്ള ഏകദേശം 4.5 ബില്യണ്‍ കോടി കറന്‍സി നോട്ടുകളാണ് പ്രചാരത്തിലുള്ളത്. രണ്ട് വര്‍ഷം കൊണ്ട് നോട്ടുകള്‍ എല്ലാം പിന്‍വലിക്കും. പകരം ചാള്‍സ് രാജാവിന്റെ ചിത്രത്തോട് കൂടിയുള്ള നോട്ടുകള്‍ ഇറങ്ങും.
ഓസ്‌ട്രേലിയന്‍ കറന്‍സികളിലും രാജ്ഞി
പതിറ്റാണ്ടുകളായി ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഓസ്ട്രേലിയയുടെ കറന്‍സിയിലും നാണയങ്ങളിലും എലിസബത്ത് രാജ്ഞിയുടെ ചിത്രം ഇടംപിടിച്ചിട്ടുണ്ട്. ചെറുപ്പക്കാരായ ഓസ്ട്രേലിയക്കാര്‍ തങ്ങളുടെ നാണയങ്ങളില്‍ എലിസബത്ത് രാജ്ഞിയുടേതല്ലാതെ മറ്റൊരു മുഖവും കണ്ടിട്ടുണ്ടാകില്ല.
ബ്രിട്ടണിലെ പുതിയ രാജാവായി ചാള്‍സ് ചുമതലയേല്‍ക്കുമ്പോള്‍, രാജ്ഞിയുടെ ചിത്രമുള്ള കറന്‍സികള്‍ക്ക് എന്തു സംഭവിക്കും എന്നാണ് ഓസ്‌ട്രേലിയന്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
ചരിത്രത്തിലെ മറ്റേതൊരു വ്യക്തിയേക്കാള്‍ കൂടുതല്‍ കാലം എലിസബത്ത് രാജ്ഞിയുടെ ചിത്രം വിവിധ രാജ്യങ്ങളുടെ കറന്‍സികളില്‍ ഇടംപിടിച്ചിട്ടുണ്ട്. കാനഡ, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 35 രാജ്യങ്ങളിലെ നാണയങ്ങളില്‍ രാജ്ഞിയുടെ മുഖം ആലേഖനം ചെയ്തിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ മുഖമുള്ള ഓസ്ട്രേലിയന്‍ ഡോളര്‍ നോട്ട്
അഞ്ച് ഓസ്ട്രേലിയന്‍ ഡോളര്‍ നോട്ടിലും നേരത്തെ നിലവിലുണ്ടായിരുന്ന ഒരു ഡോളര്‍ നോട്ടിലും നാണയങ്ങളിലുമാണ് രാജ്ഞിയുടെ മുഖമുണ്ടായിരുന്നത്. 1966, 1985, 1998 വര്‍ഷങ്ങള്‍ ഉള്‍പ്പെടെ രാജഭരണത്തിന്റെ പുരോഗതിയെ അടയാളപ്പെടുത്താന്‍ രാജ്ഞിയുടെ ചിത്രം ആറു തവണ പുതുക്കി. ഏറ്റവും പുതിയ മാറ്റം 2019 ലായിരുന്നു. ആദ്യം ആഭരണങ്ങളില്ലാത്ത ചിത്രമാണ് നാണയങ്ങളില്‍ ആലേഖനം ചെയ്തതെങ്കില്‍ പിന്നീട് ആഭരണങ്ങള്‍ ചേര്‍ത്തു. കിരീടങ്ങളില്‍ മാറ്റം വരുത്തി. പ്രായമാകുമ്പോഴുള്ള ചുളിവുകള്‍ വരെ നാണയങ്ങളില്‍ കൊത്തി.
നേരത്തെ എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോര്‍ജ് ആറാമന്റെ ചിത്രവും ഓസ്ട്രേലിയന്‍ നാണയങ്ങളിലും നോട്ടുകളിലും അച്ചടിച്ചിട്ടുണ്ട്.
ബ്രിട്ടണില്‍ രാജ്ഞിയുടെ മരണത്തോടെ പുതിയ നാണയങ്ങളില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ചിത്രം അച്ചടിക്കും. കറന്‍സികളില്‍ രാജ്ഞിയുടെ മുഖം വലത്തേക്കായിരുന്നെങ്കില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ പടം ഇടത്തേക്കാണ് അഭിമുഖീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1600കളില്‍ ചാള്‍സ് രണ്ടാമന്റെ ഭരണകാലം മുതല്‍ അനുവര്‍ത്തിക്കുന്ന രാജകീയ പാരമ്പര്യമാണിത്. ഓരോ പുതിയ രാജാവും രാജ്ഞിയും അവരുടെ നോട്ടത്തിന്റെ ദിശ മാറിമാറി മാറ്റണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.
അതേസമയം, ഓസ്‌ട്രേലിയയില്‍ രാജ്ഞിയുടെ ചിത്രമുള്ള നാണയങ്ങളും കറന്‍സിയും നിയമാനുസൃതമായി നിലനില്‍ക്കുന്നതിനാല്‍ വളരെ വേഗം കറന്‍സികളില്‍ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന്, ഓസ്ട്രേലിയന്‍ നോട്ടുകളില്‍ ഉടന്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഇതിനകം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
1966 മുതല്‍, 15 ബില്യണിലധികം ഓസ്ട്രേലിയന്‍ നാണയങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ മിക്കവാറും എല്ലാ നാണയങ്ങളിലും രാജ്ഞിയുടെ ചിത്രം ഉള്‍ക്കൊള്ളുന്നു. പഴയ നാണയങ്ങള്‍ ക്രമേണ പ്രചാരത്തില്‍ നിന്ന് മാറ്റി പുതിയവ വിതരണം ചെയ്യുന്നതാണ് മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.