ദുബായ് മെട്രോ ഓടിത്തുടങ്ങിയിട്ട് 13 വ‍ർഷങ്ങള്‍

ദുബായ് മെട്രോ ഓടിത്തുടങ്ങിയിട്ട് 13 വ‍ർഷങ്ങള്‍

ദുബായ്: ദുബായുടെ ഹൃദയത്തിലൂടെ മെട്രോ ഓടിത്തുടങ്ങിയിട്ട് ഇന്നേക്ക് 13 വർഷം. 2009 സെപ്റ്റംബർ 9 നാണ്,യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ തന്നെ, ഏറ്റവും നീളമേറിയ, ഡ്രൈവറില്ലാ മെട്രോ, ജനങ്ങള്‍ക്ക് സമർപ്പിച്ച് 13 വർഷം പിന്നിടുമ്പോള്‍, ദുബായ് ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് മെട്രോ. ചെലവേറ്റവും കുറവെന്നുളളതുതന്നെയാണ് ദുബായ് മെട്രോയെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. 

ഓഫീസിലേക്ക് പോകുന്നതിനും, സ്കൂളിലേക്ക് കുഞ്ഞുങ്ങളെ വിടുന്നതിനുമൊക്കെ മെട്രോയെ ആശ്രയിക്കുന്നവരാണ് പലരും. ദുബായ് കാണാനെത്തുന്നവർക്കും ഏറ്റവും എളുപ്പവും, ചെലവുകുറവും, മെട്രോ തന്നെ. പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളെയൊക്കെ ബന്ധിപ്പിച്ചാണ്, മെട്രോ നഗരത്തിലൂടെ കുതിക്കുന്നത്. പാർക്കിംഗ് തേടിയലയേണ്ടതില്ല. ഗതാഗതകുരുക്കില്‍, വലയുകയും വേണ്ട. ദുബായ് മെട്രോ ചിലർക്ക് പ്രിയപ്പെട്ടതാകുന്നത് ഇക്കാരണം കൊണ്ടാണ്. വൃത്തിയുടെ കാര്യത്തില്‍ മറുവാക്കൊന്നുമില്ല. സ്റ്റേഷനും ട്രെയിനിലെ ബോഗികളും വൃത്തിയായി സൂക്ഷിച്ചിരിക്കും എപ്പോഴും. 

2006 ലാണ്, ഔദ്യോഗികമായി, മെട്രോ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. 2010 ഒക്ടോബർ 13 ന് മെട്രോ ഗ്രീൻ ലൈനിന്‍റെ സാങ്കേതിക പ്രവർത്തനങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് ഔദ്യോഗികമായി തുടക്കമിട്ടു. മെട്രോ റെഡ് ലൈനിൽനിന്ന് ദുബായ് എക്സ്‌പോ-2020 വേദിയിലേക്കുളള പുതിയ പാതയായ ദുബായ് മെട്രോ റൂട്ട്-2020 പ്രിയങ്കരമായത് എക്സ്പോ 2020 യ്ക്ക് തിരശീല ഉയർന്നതോടെ. 89.3 കിലോമീറ്റർ ദൈർഘ്യമുളള ഡ്രൈവറില്ലാ മെട്രോയായ ദുബായ് മെട്രോ 13 വർഷത്തിനിടെ 1.9 ബില്ല്യണ്‍ യാത്രാക്കാർക്കാണ് സേവനം നല്‍കിയത്. ഇക്കഴിഞ്ഞ ജൂലൈവരെയുളള കണക്കാണിത്.

ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് ദുബായ് മെട്രോ. നിർമ്മിതികൊണ്ടും മികച്ച സേവനം കൊണ്ടും മെട്രോ സ്റ്റേഷനുകളും യാത്രാക്കാർക്ക് പ്രിയങ്കരമാണ്. 2030 ഓടെ ദുബായ് ലക്ഷ്യം വയ്ക്കുന്ന ഡ്രൈവറില്ലാ യാത്രയുടെ ആദ്യ ചുവടുവയ്പായിരുന്നു മെട്രോയെന്ന് നിസംശയം പറയാം. റെഡ്, ഗ്രീന്‍ ലൈനുകളിലായി നിലവില്‍ 53 സ്റ്റേഷനുകളുണ്ട്. 

125 ലധികം ട്രെയിനുകളും. ദുബായ് മെട്രോയുടെ റെഡ് ലൈൻ അൽ മക്തൂം വിമാനത്താവളം വരെ നീട്ടാന്‍ പദ്ധതിയുണ്ടെന്ന് റൂട്ട് 2020 യുടെ ഉദ്ഘാടന വേളയില്‍ ആർടിഎ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മൊഹ്സെന്‍ ഇബ്രാഹിം യൂനസ് പറഞ്ഞിരുന്നു. അതെ, ദുബായ് മെട്രോ കുതിപ്പ് തുടരുകയാണ്, പുതിയ ദൂരങ്ങള്‍ തേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.