രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ വന്‍ ജന സാന്നിധ്യം; അഭിവാദ്യം അര്‍പ്പിക്കാന്‍ 'വില്ലേജ് കുക്കിങ് ചാനല്‍' പ്രവര്‍ത്തകരുമെത്തി

രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ വന്‍ ജന സാന്നിധ്യം; അഭിവാദ്യം അര്‍പ്പിക്കാന്‍  'വില്ലേജ് കുക്കിങ് ചാനല്‍' പ്രവര്‍ത്തകരുമെത്തി

കന്യാകുമാരി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ വന്‍ ജന സാന്നിധ്യം. മുഴുവന്‍ യാത്രാ കേന്ദ്രങ്ങളിലും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. രാഹിലിനെ അനുഗമിക്കാനും അഭിവാദ്യമര്‍പ്പിക്കാനും ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങളാണെത്തുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് രാഹുല്‍ ഗാന്ധിക്ക് മഷ്റൂം ബിരിയാണി ഉണ്ടാക്കിക്കൊടുത്ത തമിഴ്നാട്ടിലെ ജനപ്രിയ ഫുഡ് വ്ളോഗര്‍മാരായ 'വില്ലേജ് കുക്കിങ് ചാനല്‍' അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത് വന്‍ വാര്‍ത്താ പ്രാധാന്യം നേടി.

വെങ്കായം... കല്ലുപ്പ്... തൈര് എന്നു തനിത്തമിഴില്‍ രാഹുല്‍ ഉറക്കെ വിളിച്ചുപറഞ്ഞ് വൈറലായ ആ ഫുഡ് വിഡിയോ ആരും മറന്നു കാണില്ല. 2021 ജനുവരി 29 ന് യൂട്യൂബിലിട്ട വിഡിയോ ഇതിനകം കണ്ടത് 4.82 കോടിയാളുകളാണ്.

തലയില്‍ മുണ്ട് വരിഞ്ഞു കെട്ടി ചാനലിന്റെ അണിയറ പ്രവര്‍ത്തകരെ രാഹുല്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. യാത്രയ്ക്കൊപ്പം ഓര്‍മകളും കൂടെക്കൂട്ടുന്നുവെന്ന അറിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ വീരമംഗലം സ്വദേശികളായ അഞ്ചുപേര്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച ഫുഡ് വ്ളോഗാണ് വില്ലേജ് കുക്കിങ് ചാനല്‍.

2021 ജനുവരിയിലാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് രാഹുല്‍ ചാനലില്‍ അതിഥിയായെത്തുന്നത്. മഷ്റൂം ബിരിയാണിയായിരുന്നു വിശിഷ്ടാതിഥിക്കായി ചാനല്‍ സംഘം ഒരുക്കിയത്. ഭക്ഷണം കഴിക്കാന്‍ മാത്രമല്ല, പാചകത്തിന്റെ കൂടി ഭാഗമായ രാഹുല്‍ ഗാന്ധിയെ അന്ന് ട്രോളന്മാരും ഏറ്റെടുത്തിരുന്നു.

ബുധനാഴ്ച കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. യാത്രയുടെ മൂന്നാം ദിവസമായ ഇന്ന് നാഗര്‍കോവിലില്‍ പതാക ഉയര്‍ത്തിയാണ് പര്യടനത്തിനു തുടക്കമിട്ടത്. യാത്രയിലുടനീളം വി.ഐ.പികള്‍ക്കു പകരം സാധാരണക്കാരുമായി സംവദിക്കുന്നതിനാണ് രാഹുല്‍ കൂടുതല്‍ സമയം കണ്ടെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.