ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍ഫോഴ്‌സിന്റെ അത്യാധുനിക എഫ്-35 യുദ്ധവിമാനത്തിലെ ഉപകരണങ്ങളില്‍ ചൈനീസ് സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് വിമാനങ്ങളുടെ വിതരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് പെന്റഗണ്‍. ആഗോള തലത്തില്‍ ഏറെ കരുത്തുറ്റ എഫ്-35 യുദ്ധവിമാനത്തിലാണ് വന്‍ സുരക്ഷാവീഴ്ച്ചയിലേക്കു നയിച്ചേക്കാവുന്ന പുതിയ കടന്നുകയറ്റം ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന കാന്തം നിര്‍മിച്ചത് ചൈനയില്‍ നിന്നുള്ള അനധികൃത വസ്തുക്കള്‍ കൊണ്ടാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പുതിയ എഫ് 35 വിമാനങ്ങള്‍ സ്വീകരിക്കുന്നതും പെന്റഗണ്‍ നിര്‍ത്തലാക്കി.
ജെറ്റിന്റെ എന്‍ജിനിലുള്ള കാന്തം ചൈനയില്‍ നിന്നുള്ള അനധികൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചതെന്ന് വിമാനത്തിന്റെ നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കണ്ടെത്തിയതായി പ്രതിരോധ വകുപ്പ് അറിയിച്ചു. ഇതോടെ ആഗോള തലത്തില്‍ എല്ലാ എഫ്-35 വിമാനങ്ങളുടെയും വിതരണം നിര്‍ത്തിവയ്ക്കാന്‍ അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയോട് അടിയന്തരമായി നിര്‍ദേശിച്ചിരിക്കുകയാണ്.
പൈലറ്റുമാരെ ഏത് പരിതസ്ഥിതിയിലും ഏത് ഭീഷണിക്കെതിരെയും പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നു എന്നതാണ് എഫ്35 യുദ്ധവിമാനത്തിന്റെ പ്രത്യേകത. എഫ്-35 വിമാനത്തിലെ ടര്‍ബോമെഷീന്‍ പമ്പുകളിലെ കാന്തങ്ങളില്‍ ഉപയോഗിക്കുന്ന അലോയ് (ലോഹസങ്കരം) ചൈനയില്‍ ഉത്പാദിപ്പിച്ചതാണെന്ന് എഫ്-35 ജോയിന്റ് പ്രോഗ്രാം ഓഫിസിന് മുന്നറിയിപ്പ് നല്‍കിയതായി ഡിഫന്‍സ് കോണ്‍ട്രാക്ട് മാനേജ്മെന്റ് ഏജന്‍സി വക്താവ് റസല്‍ ഗോമെയര്‍ വ്യക്തമാക്കി. ഭാവിയിലെ ടര്‍ബോ മെഷീനുകളില്‍ അലോയ്ക്ക് ബദല്‍ സ്രോതസ് ഉപയോഗിക്കുമെന്ന് ലോക്ക്ഹീഡ് അറിയിച്ചു.
ലോക്ക്ഹീഡ് മാര്‍ട്ടിനാണ് വിമാനം നിര്‍മിക്കുന്നതെങ്കിലും ഹണിവെല്ലാണ് ടര്‍ബോമെഷീന്‍ നിര്‍മ്മിക്കുന്നത്.
വിമാനത്തിന്റെ സുരക്ഷാ പ്രശ്നത്തേക്കാളുപരി ഗുണനിലവാരത്തില്‍ വലിയ ഇടിവ് സംഭവിക്കുമെന്നതാണ് പെന്റഗണിന്റെ ആശങ്ക. പ്രതിരോധ രംഗത്ത് ചൈന, ഇറാന്‍, വടക്കന്‍ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ അമേരിക്ക കരിമ്പട്ടികയില്‍പെടുത്തിയിരുന്നു. അതിനിടെയാണ് യുദ്ധവിമാന നിര്‍മ്മാണത്തില്‍ ചൈനീസ് സാന്നിധ്യമുണ്ടായിരിക്കുന്നത്.
ഏതായാലും ചൈനയുടെ ഉപകരണങ്ങള്‍ വിമാനത്തിന്റെ കരുത്തിനെയോ പ്രവര്‍ത്തനത്തെയോ ബാധിക്കില്ലെന്നാണ് പെന്റഗണിന്റെ വിലയിരുത്തല്‍. എന്നിരുന്നാലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അമേരിക്കന്‍ വിമാനങ്ങളില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങളുടെ തെരഞ്ഞെടുപ്പിലുണ്ടായ അശ്രദ്ധ ഗൗരവമായി കാണുന്നുവെന്നും പെന്റഗണ്‍ പറയുന്നു.
ചൈനീസ് വസ്തുക്കള്‍ ഉപയോഗിച്ചതിനാല്‍ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളിലേക്കുള്ള പ്രവേശനം നല്‍കുന്നില്ലെന്നും നിലവില്‍ ഉപയോഗിക്കുന്ന എഫ് 35 വിമാനങ്ങള്‍ക്ക് സുരക്ഷാപ്രശ്നങ്ങളൊന്നും ഇല്ലെന്നും പ്രതിരോധ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
നിലവില്‍ അമേരിക്കന്‍ സൈന്യവും ലോകത്തിലെ വിവിധ രാജ്യങ്ങളും എഫ്-35 വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 2022-ല്‍ യുഎസിന് 153 എഫ്35 ജെറ്റുകള്‍ നല്‍കാനാണ് ലോക്ക്ഹീഡ് മാര്‍ട്ടിനുമായുള്ള കരാര്‍. അതില്‍ 88 എണ്ണം ഇതിനകം നല്‍കിയിട്ടുണ്ട്. ചൈനീസ് ഉപകരണത്തിന് ബദല്‍ ഏതെന്ന് തീരുമാനിച്ചെന്നും അത് എല്ലാ വിമാനങ്ങളിലും മാറ്റി ഘടിപ്പിക്കുമെന്നുമാണ് അമേരിക്ക അറിയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.