വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി കെ.സി.ബി.സി; മെത്രാന്‍മാര്‍ക്ക് മാര്‍ ആലഞ്ചേരിയുടെ കത്ത്

വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി കെ.സി.ബി.സി; മെത്രാന്‍മാര്‍ക്ക് മാര്‍ ആലഞ്ചേരിയുടെ കത്ത്

കൊച്ചി: വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി കെ.സി.ബി.സി. മത്സ്യത്തൊഴിലാളികളുടെ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കുന്ന സാഹചര്യത്തിലാണ് കെ.സി.ബി.സിയുടെ ഇടപെടല്‍.

സമരം വ്യാപകമാക്കുന്നതിന് മുന്നോടിയായി എറണാകുളം മൂലമ്പിള്ളിയില്‍ നിന്നും ബുധനാഴ്ച ബഹുജന മാര്‍ച്ച് ആരംഭിക്കും. ജനബോധന യാത്ര എന്ന പേരില്‍ നടക്കുന്ന മാര്‍ച്ച് 18 ന് വിഴിഞ്ഞം തുറമുഖ കവാടത്തില്‍ അവസാനിക്കും.

ഈ മാര്‍ച്ചില്‍ ഒരോ രൂപതയില്‍ നിന്നും പരമാവധി പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി പ്രസിഡന്റും സീറോ മലബാര്‍ സഭാ തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയ്ക്ക് കീഴിലുള്ള 32 രൂപതാ മെത്രാന്‍മാര്‍ക്കും കത്തയച്ചു.

അതിനിടെ മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് ഇന്ന് മനുഷ്യച്ചങ്ങല തീര്‍ക്കും. കൊച്ചി, ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലാണ് മനുഷ്യച്ചങ്ങല. വൈകുന്നേരം നാലിന് ചെല്ലാനം മുതല്‍ തോപ്പുംപടി, ബീച്ച് റോഡ് തുറമുഖ തീര്‍ത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.

വിഴിഞ്ഞം തുറമുഖം വിദഗ്ധപഠനം നടത്തുക, തീരസുരക്ഷ ഉറപ്പാക്കുന്നതുവരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുക, കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുനല്‍കുക, എന്നീ ആവശ്യങ്ങളുമായാണ് മനുഷ്യച്ചങ്ങല. 17000 പേര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.