ബഫര്‍ സോണ്‍: കേന്ദ്രത്തിന്റെ വ്യക്തതാ ഹര്‍ജിയില്‍ കേരളം നിയമോപദേശം തേടി

ബഫര്‍ സോണ്‍: കേന്ദ്രത്തിന്റെ വ്യക്തതാ ഹര്‍ജിയില്‍ കേരളം നിയമോപദേശം തേടി

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. ബഫര്‍ സോണ്‍ വിധി പുനപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിന് പകരം ഹര്‍ജിയിലൂടെ കൂടുതല്‍ വ്യക്തതയാണ് തേടുകയാണ് കേന്ദ്രം ചെയ്തതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.

കേന്ദ്രം പുനപരിശോധന ഹര്‍ജിയാണ് നല്‍കിയത് എന്നാണ് ധരിച്ചിരുന്നതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൊതുവേ സുപ്രീം കോടതി വിധി കേന്ദ്രം സ്വാഗതം ചെയ്തതായാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിഷയത്തില്‍ കേരള താല്‍പര്യത്തോടൊപ്പം നിന്ന കേന്ദ്രം ഇപ്പോള്‍ നിലപാട് മാറ്റിയോ എന്ന സന്ദേഹമുണ്ട്.

സംശയം തീര്‍ക്കാന്‍ മാത്രമാണ് കേന്ദ്രം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാടും കേന്ദ്ര നിലപാടും തമ്മില്‍ വ്യത്യാസം ഉണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിലപാട് എജിയും സുപ്രീം കോടതി അഭിഭാഷകരുമായും ചര്‍ച്ച ചെയ്യുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

സംരക്ഷിത വന മേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ സോണായി നിലനിര്‍ത്തണമെന്ന ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിധി പുനപരിശോധിക്കണം എന്ന നിര്‍ദ്ദേശം ഹര്‍ജിയില്‍ ഇല്ല എന്ന വിവരം പിന്നീട് പുറത്തു വന്നു. ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ച 44 എ ഖണ്ഡികയില്‍ വ്യക്തത വേണം എന്നാണ് കേന്ദ്രത്തിന്റെ ആദ്യ അപേക്ഷ.

ഇതിന് മുന്‍കാല പ്രാബല്യം ഉണ്ടോ എന്ന ചോദ്യവും കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇതിനകമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടണം എന്ന് നിര്‍ദ്ദേശിക്കുന്ന 44 ഇ ഖണ്ഡികയെ കുറിച്ചും കേന്ദ്രം കൂടുതല്‍ വ്യക്തത തേടുന്നുണ്ട്.

കേരളം നേരത്തെ നല്‍കിയത് പുനപരിശോധന ഹര്‍ജിയാണ്. എന്നാല്‍ വിധിയെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് നീക്കമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേന്ദ്രം പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.