സുപ്രീം കോടതി ഇടപെട്ടു; തെരുവുനായ ശല്യത്തില്‍ പരിഹാരം തേടി സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു

 സുപ്രീം കോടതി ഇടപെട്ടു; തെരുവുനായ ശല്യത്തില്‍ പരിഹാരം തേടി സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: തെരുവുനായ ശല്യം ജീവന് ഭീഷണിയായതോടെ തടയിടാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തില്‍ സുപ്രീം കോടതിവരെ ഇടപെട്ടതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ വേഗത്തില്‍ ആക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ്, ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെയെടുത്ത തീരുമാനങ്ങളും നിര്‍ദേശങ്ങളും നടപടികളും സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. പേപിടിച്ചതും അക്രമകാരികളുമായ നായകളെ എന്തു ചെയ്യണമെന്നതില്‍ സര്‍ക്കാരിന്റെയും സംഘടനകളുടെയും അഭിപ്രായം കേട്ടശേഷമായിരിക്കും സുപ്രീം കോടതി 28ന് ഇടക്കാല ഉത്തരവിറക്കുക.

കൂടാതെ കേസില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കക്ഷിചേരാനാകുമോ എന്നതും സര്‍ക്കാര്‍ പരിശോധിക്കും. അക്രമകാരികളായ നായ്ക്കളെ എങ്ങനെ കണ്ടെത്തും എന്നത് വെല്ലുവിളിയാണ്. സംസ്ഥാനത്ത് മൂന്നുലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പ്രോഗ്രാം വീണ്ടും ഊര്‍ജിതമാക്കും. രണ്ടു വര്‍ഷമായി ഇത് നിലച്ചിരിക്കുകയായിരുന്നു. 152 ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത് വേണ്ടത്ര അംഗീകൃത സംഘടനകള്‍ ഇല്ലാത്തതിനാല്‍ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനകളുടെ സഹായവും തേടിയിട്ടുണ്ട്.

നിലവിലുള്ള നിയമമനുസരിച്ച് വന്ധ്യംകരണം മാത്രമാണ് ഫലപ്രദമായ മാര്‍ഗം. ലൈസന്‍സില്ലാതെ നായ്ക്കളെ വളര്‍ത്തുന്നത് കര്‍ശനമായി തടയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.