മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സെപ്റ്റംബർ 28 ന് ചിക്കാഗോയിൽ

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്:  കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സെപ്റ്റംബർ 28 ന് ചിക്കാഗോയിൽ

ചിക്കാഗോ: മാർ ജോയി ആലപ്പാട്ടിന്റെ ചിക്കാഗോ രൂപത മെത്രാനായുള്ള സ്ഥാനാരോഹണ ചടങ്ങിനായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സെപ്റ്റംബർ 28 ന് ചിക്കാഗോയിൽ എത്തിച്ചേരുന്നു. ചിക്കാഗോ ഓഹയർ വിമാനത്താവളത്തിലെത്തിച്ചേരുന്ന മേജർ ആർച്ച് ബിഷപ്പിനെ ചിക്കാഗോ രൂപതാ ബിഷപ്പുമാരും, വൈദികരും, കമ്മിറ്റി അംഗങ്ങളും ചേർന്ന് സ്വീകരിക്കും.

ഭാരതത്തിന് വെളിയിലുള്ള ആദ്യത്തെയും ഏറ്റവും വലുതുമായ സെൻറ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ രണ്ടാമത്തെ മെത്രാനായാണ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം. തദവസരത്തിൽ മാർ ജേക്കബ്ബ് അങ്ങാടിയത്ത് രുപതാ നേതൃ സ്ഥാനത്തുനിന്ന് വിരമിക്കുകയും ചെയ്യും.

2014-ൽ ആണ് ഫ്രാൻസിസ്  മാർപ്പാപ്പ ചിക്കാഗോ കത്തീഡ്രൽ വികാരിയായിരുന്ന മാർ ജോയി ആലപ്പാട്ടിനെ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. മാർ അങ്ങാടിയത്ത് കാനോൻ നിയമപ്രകാരം തന്റെ രാജി പരിശുദ്ധ സിംഹാസനത്തിനും, സീറോ മലബാർ സിനഡിനും സമർപ്പിക്കുകയുണ്ടായി. പ്രസ്തുത രാജി സ്വീകരിച്ച് പരിശുദ്ധ സിംഹാസനം 2022 ജൂലൈ മാസം മൂന്നാം തീയതി മാർ ജോയി ആലപ്പാട്ടിനെ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബിഷപ്പുമാരും വൈദികരും, സന്യസ്തരും,, അൽമായരും, രാഷ്ട്രീയ നേതാക്കളും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നതാണ്.

സ്ഥാനാരോഹണ ചടങ്ങുകൾ വിജയകരമാക്കുന്നതിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഏഷ്യാനെറ്റ്, ഫ്ലവേഴ്സ് ടി.വി, കൈരളി ടി.വി, ക്നാനായ ടി.വി എന്നിവരും ശാലോം ടി.വിയും സ്ഥാനാരോഹണച്ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. കൂടാതെ സീന്യൂസ് ലൈവ്, കേരള എക്സ്പ്രസ്, വാചകം, സംഗമം, ദീപിക, മാസപ്പുലരി എന്നീ പത്ര മാധ്യമങ്ങളും അന്നേ ദിവസം സന്നിഹിതരായിരിക്കും.

ജനറൽ കോർഡിനേറ്റർ ആയ ജോസ് ചാമക്കാല, യൂത്ത് കോർഡിനേറ്റർമാരായ ബ്രയൻ കുഞ്ചറിയ, ഡീനാ പുത്തൻപുരക്കൽ, കൈക്കാരന്മാരായ ജോണി വടക്കുംചേരി, പോൾ വടകര, രാജി മാത്യൂ, ഷെനി പോൾ അമ്പാട്ട്, സാബു കട്ടപ്പുറം, ജോർജ് ചാക്കാലത്തൊട്ടിയിൽ എന്നിവരും സ്ഥാനാരോഹണ ചടങ്ങിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളിലായി പ്രവർത്തിച്ചു വരുന്നു.

ജനറൽ കൺവീനർമാരായ ഫാ. തോമസ് കടുകപ്പിള്ളി, ഫാ. തോമസ് മുളവനാൽ എന്നിവരെക്കൂടാതെ മുപ്പത് വൈദികർ വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകുന്നു. വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകികൊണ്ട് കൂരിയായിൽ നിന്ന് ഫാ. ജോർജ് ദാനവേലിയും, ഫാ. കുര്യൻ നെടുവേലിചാലുങ്കലും അക്ഷീണം പ്രയത്നിക്കുന്നു.

ഒക്ടോബർ ഒന്നാം തീയതിയിലെ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഏവരെയും
സ്വാഗതം ചെയ്യുന്നതായി നേതൃത്വം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.