രാജ്യവിരുദ്ധ പരാമര്‍ശം: കെ.ടി ജലീലിനെതിരായ ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും

രാജ്യവിരുദ്ധ പരാമര്‍ശം: കെ.ടി ജലീലിനെതിരായ ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ. ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ശേഷം അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിയിട്ടുണ്ട്.

സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിര്‍ദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമാണ് തിലക് മാര്‍ഗ് പൊലീസ് കോടതിയെ അറിയിച്ചത്. എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് പറഞ്ഞിരുന്നു. ഇതിലാണ് കോടതി പരാതിക്കാരന്റെ വിശദമായ വാദം ഇന്ന് കേള്‍ക്കുന്നത്.

അഭിഭാഷകനായ ജി.എസ് മണിയാണ് ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം പൊലീസിലും പിന്നീട് കോടതിയിലും പരാതി നല്‍കിയത്. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതാണ് പരാതിക്കാരന്റെ ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമ നടപടികളില്‍ വിശ്വാസമില്ലെന്ന് ഹര്‍ജിയില്‍ ഇദ്ദേഹം ആദ്യം തന്നെ വിശദമാക്കിയിരുന്നു.

ഇന്ത്യ അധീന കാശ്മീര്‍, ആസാദ് കാശ്മീര്‍ തുടങ്ങിയ പരാമര്‍ശങ്ങളോട് കൂടിയ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. അതേസമയം വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്‌വായ്പ്പൂര്‍ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്.ഐ.ആര്‍. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആര്‍.

കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ കെ.ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കല്‍, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് എന്നിവയാണ് വകുപ്പുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.