ടുണീഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട ബോട്ട് അപകടപ്പെട്ട് 11 കുടിയേറ്റക്കാര്‍ മരിച്ചു

ടുണീഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട ബോട്ട് അപകടപ്പെട്ട് 11 കുടിയേറ്റക്കാര്‍ മരിച്ചു

ടുണീസ്: ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ മെഡിറ്റേറിയന്‍ കടലില്‍ ബോട്ട് അപകടപ്പെട്ട് 11 കുടിയേറ്റക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 12 പേരെ കാണാതായി. 14 പേരെ ടുണീഷ്യന്‍ തീരസംരക്ഷണ സേന രക്ഷപെടുത്തി. ചൊവ്വാഴ്ച ഇറ്റലിയിലേക്ക് 37 കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്.

ടുണീഷ്യയില്‍ നിന്ന് ബോട്ട് പുറപ്പെട്ട് മഹ്ദിയയിലെ ചെബ്ബയ്ക്ക് സമീപം തീരത്ത് നിന്ന് 40 മൈല്‍ അകലെ വച്ചാണ് ബോട്ട് മുങ്ങിയത്. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയെ ലക്ഷ്യമിട്ട് പുറപ്പെട്ടതായിരുന്നു ബോട്ട്. കടല്‍ പ്രക്ഷുപ്ദമായതിനാല്‍ തിരയിലും കാറ്റിലും പെട്ട് ബോട്ട് മറിയുകയായിരുന്നു.

യുഎന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് സെന്‍ട്രല്‍ മെഡിറ്ററേനിയന്‍ കടക്കാന്‍ ശ്രമിച്ച ആയിരത്തിലധികം കുടിയേറ്റക്കാര്‍ ഈ വര്‍ഷം മരിച്ചതായി കരുതപ്പെടുന്നു. 1,033 കുടിയേറ്റക്കാരെ കാണാതായി. ഇവരില്‍ 900 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 52,000 ആളുകളാണ് ഈ മേഖലയിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്ന് യൂറോപ്യന്‍ യൂണിയന്റെ ബോര്‍ഡര്‍ ഏജന്‍സിയായ ഫ്രോണ്ടക്സിന്റെ കണക്ക് പറയുന്നു.

പട്ടിണിയും തൊഴിലില്ലായ്മയും മൂലം മെഡിറ്റേറിയന്‍ കടലിലെ അപകട സഹാചര്യങ്ങളെ തരണം ചെയ്ത് ആയിരക്കണക്കിന് ആഫ്രിക്കന്‍ വംശജരാണ് ജീവിതമാര്‍ഗം തേടി യൂറോപ്പിന്റെ പലഭാഗങ്ങളിലേക്ക് അനധികൃത പലായനം നടത്തുന്നത്. ഇവരില്‍ പലരും മറുകരയില്‍ എത്താറില്ല എന്നതാണ് വസ്തുത. ശക്തമായ തിരയിലും കാറ്റിലും പെട്ട് ബോട്ട് അപകടപ്പെട്ട് മരണപ്പെടുന്ന സംഭവങ്ങള്‍ ഇവിടെ പതിവാണ്. ഇക്കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടതന്നെയാണ് മിക്കവരും സാഹസിക യാത്രയ്ക്ക് നിര്‍ബന്ധിതരാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.