മൊസാംബിക്കില്‍ ഇസ്ലാമിക ഭീകരര്‍ അതിക്രൂരമായി കൊലപ്പെടുത്തിയ ഇറ്റാലിയന്‍ സന്യാസിനിയെ അനുസ്മരിച്ച് മാര്‍പാപ്പ

മൊസാംബിക്കില്‍ ഇസ്ലാമിക ഭീകരര്‍ അതിക്രൂരമായി കൊലപ്പെടുത്തിയ ഇറ്റാലിയന്‍ സന്യാസിനിയെ അനുസ്മരിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മൊസാംബിക്കില്‍ ഇസ്ലാമിക ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ ഇറ്റാലിയന്‍ സന്യാസിനി സി. മരിയ ഡി കോപ്പിയെ പ്രാര്‍ഥനയില്‍ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് മാര്‍പാപ്പ സന്യാസിനിക്ക് ആദരവ് അര്‍പ്പിച്ചത്.

ആഫ്രിക്കന്‍ രാജ്യമായ മൊസംബിക്കില്‍ 60 വര്‍ഷത്തോളം സ്ത്യുത്യര്‍മായി സേവനമനുഷ്ഠിച്ച സന്യാസിനിയെയാണ് അക്രമികള്‍ വെടിവച്ചുകൊന്നത്. കൊമ്പോണിയന്‍ പ്രേഷിതസന്ന്യാസിനി സമൂഹാംഗമായ സന്ന്യാസിനി വധിക്കപ്പെടുമ്പോള്‍ 84 വയസുണ്ടായിരുന്നു.

'മൊസാംബിക്കിലെ ചിപ്പേനില്‍ കൊല്ലപ്പെട്ട കൊമ്പോണിയന്‍ മിഷനറി സി. മരിയ ഡി കോപ്പിയുടെ ശുശ്രൂഷയെ, പ്രാര്‍ത്ഥനയുടെ ഈ വേളയില്‍ ആദരവോടെയും സ്നേഹത്തോടെയും സ്മരിക്കുന്നു. 60 വര്‍ഷമായി ഈ സന്യാസിനി മൊസാംബിക്കില്‍ ആയിരുന്നു. ഈ സന്യാസിനിയുടെ സാക്ഷ്യം ക്രൈസ്തവര്‍ക്കും മൊസാംബിക്കിലെ എല്ലാ ജനങ്ങള്‍ക്കും ശക്തിയും ധൈര്യവും നല്‍കട്ടെ എന്ന് മാര്‍പാപ്പ പറഞ്ഞു.

ഇറ്റലി സ്വദേശിയായ സിസ്റ്റര്‍ മരിയ 1963 ലാണ് മൊസംബിക്കിലെത്തിയത്. ആശുപത്രിയും സ്‌കൂളുമായിരുന്നു കൊമ്പോണിയന്‍ സന്യാസിനിമാരുടെ ഇവിടുത്തെ പ്രേഷിതരംഗം.

വടക്കന്‍ മൊസാംബിക്കിലെ നമ്പുല പ്രവിശ്യയിലെ നകാല രൂപതയില്‍ ആയിരുന്നു സിസ്റ്റര്‍ മരിയ സേവനമനുഷ്ഠിച്ചിരുന്നത്. ഭീകരര്‍ സിസ്റ്റര്‍ മരിയ താമസിച്ചിരുന്ന കോണ്‍വെന്റ് കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് സിസ്റ്റര്‍ മരിയയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സെപ്റ്റംബര്‍ ആറിന് രാത്രി അഞ്ച് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ പള്ളി, ബോര്‍ഡിംഗ് ഹൗസുകള്‍, റെക്ടറി, സ്‌കൂള്‍, ലൈബ്രറി, വാഹനങ്ങള്‍ എന്നിവ ഭീകരര്‍ നശിപ്പിച്ചു. ആക്രമണത്തിന് മുമ്പ് അവിടെ താമസിച്ചിരുന്ന 68 വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സന്യാസിനിമാര്‍ക്കും വൈദികര്‍ക്കും കഴിഞ്ഞു.

ഭീകരര്‍ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചതായി നകാല ബിഷപ്പ് ആല്‍ബെര്‍ട്ടോ വെറ പറഞ്ഞു. ആക്രമികള്‍ സക്രാരി തകര്‍ക്കുകയും ബലിപീഠത്തിന്റെ ഒരു ഭാഗം നശിപ്പിക്കുകയും ചെയ്തു.

ഭീകരാക്രമണത്തില്‍ ആറ് പൗരന്മാരെ ശിരഛേദം ചെയ്തു. മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി. നംബുല പ്രവിശ്യയിലെ ഡസന്‍ കണക്കിന് വീടുകള്‍ കത്തിച്ചു. ആറ് തീവ്രവാദികളെ പിടികൂടിയതായി മൊസാംബിക്കന്‍ പ്രസിഡന്റ് ഫിലിപ്പെ ന്യുസി പറഞ്ഞു.

നമ്പുല പ്രവിശ്യ സ്ഥിരമായി ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം നടക്കുന്ന സ്ഥലമാണ്. ഏതാനും മാസങ്ങളായി ഭീകരാക്രമണങ്ങളുടെ എണ്ണം വലിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഇവിടെ നിന്നും പലായനം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.