ഓണാഘോഷത്തിനെത്തിയ പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; മടക്കയാത്രാ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

ഓണാഘോഷത്തിനെത്തിയ  പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; മടക്കയാത്രാ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

മലപ്പുറം: ഗള്‍ഫ് മേഖലയിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാക്കമ്പനികള്‍. ഓണാഘോഷത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് ടിക്കറ്റ് വർധന വലിയ തിരിച്ചടിയാകും. 

സീസൺ കാലത്ത്​ കൊയ്ത്തിന്​ കാത്തിരിക്കുന്ന പതിവ്​ വിമാനക്കമ്പനികൾ ഇക്കുറിയും ​തെറ്റിച്ചില്ല. വേനൽ അവധി തീർത്ത്​​ മടങ്ങിയെത്തുന്നവരെ ലക്ഷ്യമിട്ട് വിമാന​ ടിക്കറ്റ്​ നിരക്കിൽ ഇരട്ടിയിലേറെ വർധനവാണ്​ കമ്പനികൾ വരുത്തിയിരിക്കുന്നത്​. 

ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ കാര്യമായ വര്‍ധനവുണ്ട്. ഈ മാസം 20 മുതല്‍ ടിക്കറ്റ് നിരക്ക് കുറയും. പ്രവാസി യാത്രക്കാര്‍ ഏറെയുള്ള സൗദി, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വര്‍ധനവ് കൂടുതല്‍. ഖത്തറിലേക്കുള്ള നിരക്ക് കുറച്ചുകാലമായി ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.

കോഴിക്കോട്-ദോഹ റൂട്ടിലേക്ക് ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റിന് ഇന്ന് 38,000 രൂപയാണ് ഈടാക്കുന്നത്. ഈ ആഴ്ചയിലെ കുറഞ്ഞ നിരക്ക് 33,000 രൂപയാണ്. അതേസമയം ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് 9,000 രൂപയ്ക്ക് ടിക്കറ്റുണ്ട്. പ്രവാസികള്‍ ഏറെയുള്ള ജിദ്ദയിലേക്ക് ഈ മാസം 14 നാണ് കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റുള്ളത്. 47,000 രൂപ നല്‍കണം. 17,800 രൂപയ്ക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് ടിക്കറ്റുണ്ട്.

കോഴിക്കോട് - അബൂദാബി റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇന്ന് 26,848 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. അതേസമയം അബൂദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 6,718 രൂപയ്ക്ക് ടിക്കറ്റുണ്ട്. കോഴിക്കോട് നിന്ന് അല്‍ഐനിലേക്ക് 18,500 രൂപയാണ് ഇന്നത്തെ നിരക്ക്. എന്നാല്‍ അല്‍ഐനില്‍ നിന്ന് 8,500 രൂപയ്ക്ക് കരിപ്പൂരിലെത്താം. ബഹറൈനിലേക്ക് കരിപ്പൂരില്‍ നിന്ന് ഈ മാസം 12 നാണ് വിമാനമുള്ളത്. 27,605 രൂപയാണ് നിരക്ക്. 13 ന് നിരക്ക് വീണ്ടും ഉയര്‍ന്ന് 31,500 രൂപയിലെത്തും. 

ഇതേ കാലയളവില്‍ ബഹറൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് 15,000 രൂപയ്ക്കും ടിക്കറ്റുണ്ട്. കോഴിക്കോട് - ദുബായ് റൂട്ടില്‍ അടുത്ത അഞ്ച് ദിവസം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. ഇന്ന് 25,100 രൂപ നല്‍കണം. 15 ന് ശേഷം ടിക്കറ്റ് നിരക്കില്‍ 8,000 രൂപയിലധികം കുറയും. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് 6,000 രൂപയ്ക്കും ടിക്കറ്റുണ്ട്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാര്‍ തീരെ കുറവാണെന്നതാണ് ഈ റൂട്ടില്‍ നിരക്ക് കുറയാന്‍ കാരണം. അതേസമയം ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്ക് കൂടിയിട്ടുണ്ട്.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.