രാജ്യവിരുദ്ധ പരാമര്‍ശം: ജലീലിന് കുരുക്ക് മുറുകുന്നു; കേസെടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവ്

രാജ്യവിരുദ്ധ പരാമര്‍ശം: ജലീലിന് കുരുക്ക് മുറുകുന്നു;  കേസെടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവ്

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ സിമി നേതാവും ഇടത് എംഎല്‍എയുമായ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആസാദ് കാശ്മീര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടത്.

പ്രസക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിധി പറയുന്നതിനായി കോടതി കേസ് രണ്ടു ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്.

ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിക്കാരനായ അഡ്വ. ജി.എസ് മണിയുടെ ആവശ്യം. ജലീലിനെതിരെ കേരള പൊലീസ് എടുത്ത കേസില്‍ തനിക്ക് വിശ്വാസമില്ലെന്നും ഭരണകക്ഷി എംഎല്‍എ ആയതിനാല്‍ കേസ് കേരളത്തില്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പാക് അധിനിവേശ കാശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്നും ഇന്ത്യയുടെ കാശ്മീരിനെ 'ഇന്ത്യന്‍ അധീന കാശ്മീര്‍' എന്നും വിശേഷിപ്പിച്ചതോടെയാണ് കെ.ടി ജലീലില്‍ പുലിവാല് പിടിച്ചത്. ജലീലിനെതിരെ രാജ്യദ്രോഹം ആരോപിച്ച് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

മുന്‍ മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം കാശ്മീര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു വിവാദ ഫേസ്ബുക്ക് കുറിപ്പ്. അധിനിവേശ കാശ്മീര്‍ ഉള്‍പ്പെടെ ജമ്മു കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്ഥാന്‍ കൈയടക്കിയ ഭാഗത്തെ പാക് അധിനിവേശ കാശ്മീര്‍ എന്നാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്.

അതിനെ ആസാദ് കാശ്മീര്‍ അഥവാ സ്വതന്ത്ര കാശ്മീര്‍ എന്ന് വിളിക്കുന്നത് പാകിസ്ഥാനാണ്. അത് അവഗണിച്ച് കാശ്മീര്‍ സ്വതന്ത്ര പ്രദേശമാണെന്നും ആസാദ് കാശ്മീരില്‍ പാകിസ്ഥാന്‍ പറയത്തക്ക അധിനിവേശമൊന്നും കാണിക്കുന്നില്ലെന്നും ധ്വനിപ്പിക്കുന്നതായിരുന്നു ജലീലിന്റെ പരാമര്‍ശങ്ങള്‍.

പരാമര്‍ശം വിവാദമാവുകയും സിപിഎമ്മും തള്ളിപ്പറയുകയും ചെയ്തതോടെ ഫേസ്ബുക്ക് കുറിപ്പ് ജലീല്‍ പിന്‍വലിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.