സർവകലാശാല നൽകിയ ഹാൾടിക്കറ്റിൽ മോദിയും ധോണിയും; സംഭവം വിവാദം

സർവകലാശാല നൽകിയ ഹാൾടിക്കറ്റിൽ മോദിയും ധോണിയും; സംഭവം വിവാദം

ബിഹാർ: സർവകലാശാല നൽകിയ ഹാൾടിക്കറ്റിൽ വിദ്യാർഥികളുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി, ബിഹാർ ഗവർണർ ഫാഗു ചൗഹാൻ തുടങ്ങിയവരുടെ ചിത്രങ്ങൾ. സംഭവം വിവാദമായതിനെ തുടർന്ന് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു.

ദർഭംഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലളിത് നാരായൺ മിഥില യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മധുബനി, സമസ്തിപൂർ, ബെഗുസാരായി ജില്ലകളിലെ ബിഎ മൂന്നാം വർഷ വിദ്യാർഥികളുടെ അഡ്മിറ്റ് കാർഡിലാണ് പ്രമുഖരുടെ ഫോട്ടോ അച്ചടിച്ച് വന്നത്. 

അഡ്മിറ്റ് കാർഡുകൾ തയ്യാറാക്കുന്നതിനായി ഫോട്ടോഗ്രാഫുകളും മറ്റ് വിശദാംശങ്ങളും വിദ്യാർഥികളാണ് അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നത്. വിദ്യാർത്ഥികൾ ഈ അവസരം മുതലെടുത്ത് ഫോട്ടോകൾ അപ് ലോഡ് ചെയ്യുകയായിരുന്നു. ബന്ധപ്പെട്ട വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ മുഷ്താഖ് അഹമ്മദ് പറഞ്ഞു. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും രജിസ്ട്രാർ അറിയിച്ചു.

രണ്ട് വർഷങ്ങൾക്ക് മുമ്പ് മുസാഫർപൂരിൽ നിന്നും സമാനമായ രീതിയിൽ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. മാതാപിതാക്കളുടെ സ്ഥാനത്ത്  ബേളിവുഡ് താരങ്ങളായ ഇമ്രാൻ ഹാഷ്മി, സണ്ണി ലിയോൺ എന്നിവരുടെ പേരുകളാണ് ഒരു വിദ്യാർഥി നൽകിയത്. ഈ സംഭവം അന്ന് വിവാദമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.