ട്വന്റി20 ലോക കപ്പ് ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ഔട്ട്

ട്വന്റി20 ലോക കപ്പ് ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ഔട്ട്

മുംബൈ: ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാ‌ണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് ആരാധകർക്ക് നിരാശയായി സഞ്ജു സാംസണിന് ടീമിൽ ഇടം ലഭിച്ചില്ല. അതേസമയം ദീപക് ഹൂഡ, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ എന്നിവർ ടീമിൽ ഇടംപിടിച്ചു.‌‌ രവി ബിഷ്ണോയ്, ആവേശ് ഖാൻ എന്നിവർ ഉയർത്തിയ വെല്ലുവിളി മറികടന്നാണ് അശ്വിനും പട്ടേലും ടീമിൽ ഇടംപിടിച്ചത്.‌‌

അതേസമയം, ഏഷ്യാ കപ്പിനിടെ പരിക്കേ‌റ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് ലോകകപ്പ് ടീമിലും ഇടം ലഭിച്ചില്ല. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന സാഹചര്യത്തിലാണ് ജഡേജ ടീമിന് പുറത്തായത്. ജഡേജയ്ക്കു പകരം അക്ഷർ പട്ടേൽ ടീമിലെത്തി. ഏഷ്യാകപ്പിൽനിന്ന് വിശ്രമം അനുവദിച്ചിരുന്ന ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തി.‌‌ ലോകകപ്പിനു മുന്നോടിയായി കളിക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരയ്ക്കുള്ള ടീമുകളെയും പ്രഖ്യാപിച്ചു. ഈ ടീമുകളിലും സഞ്ജുവിന് ഇടം ലഭിച്ചില്ല.

രോഹിത് ശർമ (ക്യാപ്റ്റൻ), കെ.‌എൽ.രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്
സ്റ്റാൻഡ് ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചാഹർ
ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലാണ് ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് അരങ്ങേറുക. ഇന്ത്യയുടെ ‌ആദ്യ മത്സരം ഒക്ടോബർ 23ന് ബദ്ധവൈരിയായ പാക്കിസ്ഥാനെതിരെയാ‌ണ്. രണ്ടാം ഗ്രൂപ്പിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമെ ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ് എന്നിവരും യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബി വിജയികളും ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരുമാണ് കളിക്കുക.

ഓസ്ട്രേലിയയിലെ അഡ്‍ലെയ്ഡ്, ബ്രിസ്ബെയ്ൻ, ഗീലോ‌ങ്, ഹൊബാർട്ട്, മെൽബൺ, പെർത്തി, സിഡ്നി എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ ആകെ 16 ടീമുകളാണ് മത്സരിക്കുന്നത്. 15 അംഗ ടീമിനു പുറമെ സ്റ്റാൻഡ്ബൈ താരങ്ങളായി മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചാഹർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.