മിനസോട്ട: രോഗിപരിചരണ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി മിനസോട്ടയിലെ 15,000 നഴ്സുമാര്‍ പണിമുടക്കി. മൂന്ന് ദിവസത്തെ സമരം തിങ്കളാഴ്ച ആണ് ആരംഭിച്ചത്. മിനിയാപൊളിസിലെ 13 ആശുപത്രികളിലെ നഴ്‌സുമാരാണ് സമരത്തിലുള്ളത്. ശമ്പളത്തെ ചൊല്ലിയല്ല, രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനാണ് സമരം എന്ന് മിനസോട്ട നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് മേരി ടര്‍ണര്‍ പറഞ്ഞു.
ആശുപത്രികളിലെ ചികിത്സാ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നത് ഏറെക്കാലമായി മുന്നോട്ട് വയ്ക്കുന്ന ആവശ്യമാണെങ്കിലും ആശുപത്രി അധികൃതര്‍ അതൊന്നും ചെവിക്കൊള്ളുന്നിലെന്ന് ടര്‍ണര്‍ കുറ്റപ്പെടുത്തി. അഞ്ചു മാസത്തിലേറെയായി ആശുപത്രി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയാണ്. മാനേജ്‌മെന്റിന്റെ ഭാഗത്ത് അനുകൂലമായ ഉറപ്പുകള്‍ നല്‍കാതിരുന്നിട്ടു പോലും ഇക്കാലമത്രയും രോഗികളെ വലച്ചുകൊണ്ടുള്ള സമരത്തിന് യൂണിയനുകള്‍ മുതിര്‍ന്നിരുന്നില്ല. മാനേജ്‌മെന്റിന്റെ തുടര്‍ച്ചയായ നിഷേധാത്മക നിലപാടാണ് ഇപ്പോള്‍ പണിമുടക്കിയുള്ള സമരത്തിലേക്ക് എത്തിച്ചതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി കരാര്‍ പുതുക്കാതെ ജോലി ചെയ്തുവരികെയാണ് ഈ ആശുപത്രികളിലെ നഴ്‌സുമാര്‍. വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന ആവശ്യത്തോട് മാനേജ്‌മെന്റ് വഴങ്ങുന്നില്ല. ജീവനക്കാരുടെ കുറവും പരിമിതികളും മൂലം ജോലി ഭാരം കൂടിയതായി സെന്റ് പോള്‍ യുണൈറ്റഡ് ഹോസ്പിറ്റലിലെ നഴ്‌സ് ബ്രാണ്ടി നവാരോ പറഞ്ഞു. ഇതിനു പുറമേയാണ് രോഗികള്‍ക്കുള്ള മെച്ചപ്പെട്ട പരിചരണം നല്‍കാന്‍ കഴിയാത്ത സഹാചര്യവും ഉണ്ടായിരിക്കുന്നതെന്നു അവര്‍ പറഞ്ഞു.
അതേസമയം, രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി സമരത്തിലുള്ള നാല് ആശുപത്രികളുടെ ഉടമ അല്ലീന ഹെല്‍ത്ത് പ്രസ്താവന ഇറക്കി. നഴസുമാരുടെ സമരം അനാവശ്യമാണ്. അത്യാഹിത ചികിത്സകള്‍ മുടക്കിയുള്ള സമരം രോഗികളെ അപകടാവസ്ഥയിലേക്ക് തള്ളിവിടുമെന്നും അലീന ഹെല്‍ത്ത് പറഞ്ഞു. രോഗികളെ വലച്ചുകൊണ്ടുള്ള പണിമുടക്ക് സമരങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്ന സമരമെന്ന് ട്വിന്‍ സിറ്റിസ് ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ വക്താവ് പോള്‍ ഒമോഡും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.