മികച്ച നടി സെൻഡയ, മികച്ച നടൻ ലീ ജംഗ്-ജെ; 74-ാം എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച നടി സെൻഡയ, മികച്ച നടൻ ലീ ജംഗ്-ജെ; 74-ാം എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: ടെലിവിഷന്‍ രംഗത്തെ രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021ലെ മികച്ച സീരീസുകളേയും അവയിലെ പ്രകടനങ്ങളേയും വിലയിരുത്തിയ അവാര്‍ഡില്‍ നാഴികക്കല്ലായി ലീ ജംഗ്-ജെയുടേയും സെന്‍ഡയയുടേയും നേട്ടങ്ങള്‍.

‘സ്‌ക്വിഡ് ഗെയി’മിലെ പ്രകടനത്തിന് മികച്ച നടനായാണ് ലീ ജംഗ്-ജെ തിരഞ്ഞെടുക്കപ്പെട്ടത്. ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടിയായി സെന്‍ഡയ കോള്‍മാനും തെരഞ്ഞെടുക്കപ്പെട്ടു. സെന്‍ഡയ കോള്‍മാന്‍ രണ്ടാം തവണയാണ് ഈ വിഭാഗത്തില്‍ മികച്ച നടിയാകുന്നത്. 2020 ല്‍ ആയിരുന്നു ഇതിന് മുന്‍പ് സെന്‍ഡയ മികച്ച നടിയായത്.

രണ്ട് തവണ ഈ വിഭാഗത്തില്‍ അവാര്‍ഡ് നേടുന്ന ആദ്യ കറുത്ത വംശജയും പ്രായം കുറഞ്ഞ നടിയുമാണ് സെൻഡയ. ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ലീ ജംഗ്-ജെ ഈ വിഭാഗത്തില്‍ വിജയിയാകുന്ന ആദ്യ ഏഷ്യന്‍ വംശജനാണ്.

74-ാം എമ്മി അവാര്‍ഡ്‌സില്‍ 25 വിഭാഗങ്ങളില്‍ നോമിനേഷന്‍ നേടിയ ‘സക്‌സഷന്‍’ ആണ് മികച്ച ഡ്രാമാ സീരീസ്. 20 നോമിനേഷനുകളില്‍ മത്സരിച്ച ‘ടെഡ് ലാസോ’ ആണ് മികച്ച കോമഡി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

പതിനാല് നോമിനേഷനുകളുമായി കൊറിയന്‍ സീരീസ് ‘സ്‌ക്വിഡ് ഗെയി’മും ചരിത്രം സൃഷ്ടിച്ചു. മികച്ച നടന്‍, മികച്ച സംവിധാനം, പ്രൊഡക്ഷന്‍ ഡിസൈന്‍, സംഘട്ടനം, സ്‌പെഷ്യല്‍ വിഷ്വല്‍ ഇഫക്റ്റ്‌സ് ഉള്‍പ്പടെയുള്ള അവാര്‍ഡുകള്‍ സീരീസ് സ്വന്തമാക്കുകയും ചെയ്തു.

കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച സംവിധാനത്തിന് തിരഞ്ഞെടുക്കപ്പെട്ടത് ‘ടെഡ് ലാസോ’യിലെ നോ വെഡ്ഡിംഗ്‌സ് ആന്‍ഡ് എ ഫ്യൂണറല്‍ എന്ന എപ്പിസോഡിനായി എം ജെ ഡെലനി ആയിരുന്നു. ടെഡ് ലാസോ തന്നെയാണ് മികച്ച കോമഡി സീരീസ്. കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ടെഡ് ലാസോയിലെ പ്രകടനത്തിന് ജേസണ്‍ സുഡെക്‌സിനെയാണ്.

മികച്ച ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിംഗ്, പ്രോസ്തറ്റിക് മേക്കപ്പ്, സംഘട്ടന ഏകോപനം, മ്യൂസിക് സൂപ്പര്‍വിഷന്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്‘സ്‌ട്രേഞ്ചര്‍ തിങ്‌സ്' ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.