സമാധാന ദൂതുമായി ഫ്രാന്‍സിസ് പാപ്പ കസാഖിസ്ഥാനിലെത്തി; ആഗോള സമ്മേളനത്തില്‍ പങ്കെടുക്കും

സമാധാന ദൂതുമായി ഫ്രാന്‍സിസ് പാപ്പ കസാഖിസ്ഥാനിലെത്തി; ആഗോള സമ്മേളനത്തില്‍ പങ്കെടുക്കും

വത്തിക്കാന്‍ സിറ്റി: ആഗോള സമാധാനവും സംവാദവും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ എത്തിച്ചേര്‍ന്നു. റോമില്‍ നിന്നും മാര്‍പാപ്പയെ വഹിച്ചുള്ള പ്രത്യേക വിമാനം പ്രാദേശിക സമയം ചൊവ്വാഴ്ച്ച രാവിലെ 7:36-നാണ് പറന്നുയര്‍ന്നത്. ആറു മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷം കസാക്കിസ്ഥാന്‍ തലസ്ഥാനമായ നൂര്‍-സുല്‍ത്താനിലാണ് വിമാനമിറങ്ങിയത്.

ലോക മതനേതാക്കളുടെ സമാധാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ഫ്രാന്‍സിസ് പാപ്പ കസാക്കിസ്ഥാനിലെത്തിയത്. ഫ്രാന്‍സിസ് പാപ്പായുടെ വിദേശത്തേക്കുള്ള 38-ാമത് അപ്പസ്‌തോലിക യാത്രയാണിത്. പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവിനെ സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും രാജ്യത്തിന്റെ അധികാരികള്‍, ഉദ്യോഗസ്ഥര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തുന്നത്.

യാത്രയ്ക്കു മുന്നോടിയായി റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയിലെത്തി മാര്‍പാപ്പ പ്രാര്‍ഥിച്ചു. കസാഖിസ്ഥാനില്‍ നടക്കുന്ന ഏഴാമത് ലോക നേതാക്കളുടെയും പരമ്പരാഗത മതനേതാക്കളുടെയും ആഗോളസമ്മേളനത്തില്‍ പങ്കെടുക്കുന്ന പാപ്പയുടെ സന്ദര്‍ശനം രാജ്യത്തെ ന്യൂനക്ഷപമായ കത്തോലിക്ക വിശ്വാസികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. 19 ദശലക്ഷമുള്ള ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം വരുന്ന കസാക്കിസ്ഥാനിലെ കത്തോലിക്ക സമൂഹത്തോടൊപ്പവും പാപ്പ സമയം ചെലവഴിക്കും.

'ആഗോള മഹാമാരിക്കു ശേഷം മാനവികതയിലൂന്നിയ സാമൂഹിക ആധ്യാത്മിക വികസനത്തില്‍ ലോക നേതാക്കളുടെയും പരമ്പരാഗത വിശ്വാസങ്ങളുടെയും പങ്ക്' എന്ന വിഷയത്തിലാണ് ആഗോഗ സമ്മേളനം േചരുന്നത്. ഈ മാസം 15 വരെയാകും മാര്‍പാപ്പ രാജ്യത്തുണ്ടാകുക. മറ്റ് മതനേതാക്കളുടെ പിന്തുണയോടെ ആഗോള സമാധാനം പുനസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള മാര്‍പാപ്പയുടെ പരിശ്രമമായിട്ടാണ് ലോകസമൂഹം സമ്മേളനത്തെ കാണുന്നത്.

1991-ല്‍ സ്വാതന്ത്ര്യം നേടിയ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ കസാക്കിസ്ഥാനില്‍ നടക്കുന്ന സമ്മേളനത്തില്‍ 50 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിശ്വസ്തനായ റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് കിറില്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് നിന്ന് പിന്മാറി. ഇതോടെ ഉക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാര്‍പാപ്പയുമായി പാത്രിയാര്‍ക്കീസ് കിറില്‍ കൂടിക്കാഴ്ച നടത്തുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു.

ക്രൂരവും വിവേകശൂന്യവുമായ യുദ്ധമെന്ന് പാപ്പ അപലപിക്കുമ്പോള്‍ റഷ്യയുടെ ശത്രുക്കള്‍ക്കെതിരായ പോരാട്ടമെന്നു വിശേഷിപ്പിച്ചാണ് പാത്രിയാര്‍ക്കീസ് കിറില്‍ ഉക്രെയ്ന്‍ യുദ്ധത്തെ അനുകൂലിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.