തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമായി പരിഗണിക്കാനാകില്ല: സുപ്രിം കോടതി

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമായി പരിഗണിക്കാനാകില്ല: സുപ്രിം കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശത്തെ മൗലികാവകാശമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേര് ആരും പിന്താങ്ങാത്തതിനാല്‍ മത്സരിക്കാന്‍ കഴിയാതിരുന്ന വിശ്വനാഥ് പ്രതാപ് സിംഗ് എന്നയാളുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. പരാതിക്കാരന്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ മെയ് 12ന് വിജ്ഞാപനം പുറപ്പെടുവിച്ച രാജ്യസഭാ തിരഞ്ഞെടുപ്പിലാണ് പിന്താങ്ങാന്‍ ആളില്ലാത്തതിനാല്‍ വിശ്വനാഥ് പ്രതാപ് സിംഗിന് മത്സരിക്കാന്‍ കഴിയാതിരുന്നത്. ഇതേത്തുടര്‍ന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് വിശ്വനാഥ് പ്രതാപ് സിംഗ് സുപ്രിംകോടതിയിലെത്തിയത്.

തന്നെ പിന്താങ്ങാന്‍ ആരുമില്ലാത്തതിനാല്‍ പത്രിക സ്വീകരിക്കാതിരുന്നത് തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തേയും വ്യക്തിസ്വാതന്ത്ര്യത്തേയും ഹനിക്കുന്നതാണെന്നായിരുന്നു പരാതിക്കാരന്‍ ഉയര്‍ത്തിയ പ്രധാന വാദം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആരുടേയും മൗലികാവകാശമല്ലെന്നും ഹര്‍ജി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാന്‍ശു ധുലിയയും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.