വിദേശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റഷ്യ 300 മില്യണ്‍ ഡോളര്‍ കൈമാറിയെന്ന് വെളിപ്പെടുത്തല്‍; ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് അമേരിക്ക

വിദേശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റഷ്യ 300 മില്യണ്‍ ഡോളര്‍ കൈമാറിയെന്ന് വെളിപ്പെടുത്തല്‍; ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള വിദേശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റഷ്യ വന്‍ തോതില്‍ പണം കൈമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി അമേരിക്ക. 2014 മുതല്‍ ഇതുവരെ 300 മില്യണ്‍ ഡോളര്‍ ഇത്തരത്തില്‍ റഷ്യ രഹസ്യ കൈമാറ്റം നടന്നതായി യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ അവലോകനത്തെ ഉദ്ധരിച്ച് ബൈഡന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

നാല് ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്ന രണ്ട് ഡസനിലധികം രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമാണ് രഹസ്യമായി കോടിക്കണക്കിന് പണം കൈമാറിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ബോസ്‌നിയ, മോണ്ടിനെഗ്രോ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ചിലതാണ്. വ്യക്തമായ തെളിവുകള്‍ ലഭിച്ച ഇടപാടുകളില്‍ മാത്രം 300 മില്യണ്‍ ഡോളറിന്റെ കൈമാറ്റം നടന്നു. തെളിവുകള്‍ ലഭിച്ചിട്ടില്ലാത്ത ഇടപാടുകള്‍ വഴി ഇതിലും ഇരട്ടിയാകാം കൈമാറിയിട്ടുണ്ടാകുകയെന്നും ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ് റഷ്യയുടെ നീക്കത്തെ കാണുന്നത്. ഇത് ലോകത്തിന് മുന്നില്‍ തുറന്നു കാട്ടും. ഡിസംബറില്‍ നടക്കുന്ന ജനാധിപത്യ ഉച്ചകോടിയില്‍ റഷ്യയുടെ ജനാധിപത്യ ഭീഷണി ചര്‍ച്ചയാക്കും. ഇത്തരം ഭീഷണികളെ നേരിടാന്‍ സ്വീകരിക്കാവുന്ന മുന്‍കരുതലുകള്‍ ക്ഷണിക്കപ്പെട്ട രാജ്യങ്ങളുമായി ആലോചിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

''ഏതൊക്കെ രാജ്യങ്ങളിലെ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് പണം കൈമാറിയിട്ടുള്ളത് എന്നതിന്റെ വിവരങ്ങള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ശേഖരിച്ചിട്ടുണ്ട്. സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ല''- അദ്ദേഹം പറഞ്ഞു.

റഷ്യയുടെ രഹസ്യ രാഷ്ട്രീയ നീക്കം അമേരിക്കയ്ക്ക് മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കും വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തുക വഴി ലോക രാജ്യങ്ങളുടെ ഭരണ സംവിധാനം തന്നെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ റഷ്യയ്ക്ക് സാധിക്കും. ഇതുവഴി അമേരിക്കയ്‌ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ഇത്തരം രാജ്യങ്ങളെ റഷ്യ നിര്‍ബന്ധിച്ചേക്കാം. അതിനോട് വഴങ്ങുകയെ ഇത്തരം രാജ്യങ്ങള്‍ക്ക് നിര്‍വാഹം ഉള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെളിപ്പെടുത്തല്‍ നടത്തിയതുവഴി നിരവധി നേട്ടങ്ങളും അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്. റഷ്യന്‍ രഹസ്യ രാഷ്ട്രീയ ധനസഹായത്തിന്റെ ഭീഷണിയെക്കുറിച്ച് ആഗോള അവബോധം വളര്‍ത്തുക, റഷ്യയ്‌ക്കെതിരെ ഓരോ രാജ്യങ്ങളുടെ കണ്ടെത്തലുകള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുക, റഷ്യയുടെ നിഗൂഢ രാഷ്ട്രീയ ലക്ഷ്യം ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്ന നേട്ടങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.