18 ന്റെ നിറവില്‍ കാനഡ മലയാളികളുടെ 'മധുരഗീതം'

18 ന്റെ നിറവില്‍ കാനഡ മലയാളികളുടെ 'മധുരഗീതം'

ടൊറന്റോ: കാനഡ മലയാളികളുടെ വിനോദത്തിനും വിജ്ഞാനത്തിനുമായി ഐടി പ്രഫഷനല്‍ വിഭാവനം ചെയ്ത 'മധുരഗീതം' 19-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ജനം അറിഞ്ഞുവരും മുന്‍പെ 2004 സെപ്റ്റംബര്‍ നാലിന് തുടക്കമിട്ട 'മധുരഗീതം' എഫ്എം റേഡിയോ കാനഡയിലെ മലയാളികള്‍ക്ക് പ്രിയപ്പെട്ട പാട്ടുകാരനും നാട്ടുവിശേഷങ്ങള്‍ പറയുന്ന കൂട്ടുകാരനുമൊക്കെയായിട്ട് 18 വര്‍ഷം പിന്നിടുന്നു.

സോഷ്യല്‍ മീഡിയയുടെയും പോഡ് കാസ്റ്റിങ്ങിന്റെയുമൊക്കെ വരവിനു മുന്‍പ് മലയാളം പരിപാടികള്‍ കേള്‍ക്കാന്‍ അവസരമില്ലാതിരുന്ന കാലത്താണ് ഐടി രംഗത്തുള്ള വിജയ് സേതുമാധവന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ഇന്‍ഷുറന്‍സ് രംഗത്ത് ജോലി ചെയ്യുന്ന ഭാര്യ മൃദുല മേനോന്‍ ക്രിയറ്റീവ് ഡയറക്ടറുമായി കാനഡയിലെ ആദ്യ മലയാളം എഫ്എം റേഡിയോ സംരംഭം ആരംഭിച്ചത്. അതിനു മുന്‍പ് കാനഡയില്‍ ഒരു മലയാള റേഡിയ മാധ്യമവും ഉണ്ടായിരുന്നില്ല.

മധുരഗീതം 101.3 എഫഎം എന്നിപേരില്‍ ചെറിയ നിലയില്‍ ആരംഭിച്ച ചാനല്‍ ഇന്ന് ആകര്‍ഷകമായ പരിപാടികളും ഇവന്റുകളുമായി കാനഡ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. സംവേദനാത്മക ഉള്ളടക്കം, സെലിബ്രിറ്റി അഭിമുഖങ്ങള്‍, സിനിമാ അവലോകനങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ വിനോദ പരിപാടികള്‍ റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്തു. ശനിയാഴ്ചകളില്‍ രാവിലെ 8.30 മുതല്‍ 10.30 വരെയും ഞായറാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ പത്തരവരെ സ്‌പോട്‌ലൈറ്റ് ഷോയും വൈകിട്ട് എട്ടു മുതല്‍ ഒന്‍പതുവരെ സണ്‍ഡേ ക്ലബും ആളുകളുടെ ഇഷ്ടപരിപാടികളാണ്.

കലാ-സാംസ്‌കാരിക-സാഹിത്യ-കായിക രംഗത്തുള്ള പ്രമുഖ മലയാളികളുടെ അഭിമുഖങ്ങളും കോവിഡ് നിയന്ത്രണകാലത്ത് മധുരഗീതത്തിന്റെ സഹകരണത്തോടെ വിഎംആര്‍ ഐഡിയേഷന്‍ ഒരുക്കിയ കനേഡിയന്‍ മലയാളി ഐഡല്‍ സംഗീത റിയാലിറ്റി ഷോയും മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബുമായി (മാസ്‌ക്) ചേര്‍ന്ന് ഒരുക്കിയ സ്‌പോട്ലൈറ്റ് റേഡിയോ നാടകോത്സവവും ശ്രദ്ധേയവുമായിരുന്നു.

ഇപ്പോള്‍ കാനഡയിലെ പ്രമുഖ മലയാളം എഫ്എം റേഡിയോ ചാനലാണ് മധുരഗീതം. പത്ത് റേഡിയോ ജോക്കിമാര്‍ നിലവില്‍ ചാനലിലുണ്ട്. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, സുജാത, സുരേഷ് ഗോപി, ദിലീപ്, ജഗതി, കവിയൂര്‍ പൊന്നാമ, ടോവിനോ തോമസ്, ലാല്‍ ജോസ്, ജയറാം, ഉര്‍വ്വശി, ഷീല, മധു തുടങ്ങി നൂറോളം സെലിബ്രറ്റികളെ അഭിമുഖം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള താരങ്ങളും കലാകാരന്മാരും ഉള്‍പ്പെടുന്ന ജനപ്രിയ ഷോകളും ഇവന്റുകളും പ്രോത്സാഹിപ്പിക്കുന്ന മുന്‍ഗണനാ മാധ്യമ പങ്കാളിയായി ചാനല്‍ ഇപ്പോഴും സേവനം തുടരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.