കരയുന്ന കുഞ്ഞുങ്ങളെ ഉറക്കാൻ മാതാപിതാക്കൾക്ക് എളുപ്പവഴി ഉപദേശിച്ച് ഗവേഷകർ

കരയുന്ന കുഞ്ഞുങ്ങളെ ഉറക്കാൻ മാതാപിതാക്കൾക്ക് എളുപ്പവഴി ഉപദേശിച്ച് ഗവേഷകർ

ടോക്കിയോ: ഒരു കുഞ്ഞുണ്ടായാൽ മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു മാറ്റമാണ് നഷ്ടപ്പെടുന്ന ഉറക്കം. രാത്രികാലങ്ങളിലത്രയും കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിച്ചശേഷം അതിരാവിലെ ഒന്നുറങ്ങാൻ ശ്രമിക്കുന്ന അനേകം മാതാപിതാക്കൾ പലപ്പോഴും കുഞ്ഞുങ്ങളെ പെട്ടെന്ന് ഉറക്കാൻ കഴിയുന്ന വഴികളെ കുറിച്ച് അന്വേഷിക്കുന്നുണ്ടാകും.

കരയുന്ന കുഞ്ഞുങ്ങളെ ഏത് തരത്തിൽ സമീപിച്ചാലാണ് അവർ വേഗത്തിൽ ശാന്തരാകുന്നത് എന്ന് കണ്ടെത്താൻ ഗവേഷകർ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇവയിൽ ഏറെ ഫലം നൽകുന്നതായി കണ്ടെത്തിയത് കരയുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കൾ കൈകളിൽ എടുത്ത് അഞ്ച് മിനിറ്റ് അവരുമായി നടക്കുന്നതാണ്.

വിവിധ രീതിയിലുള്ള പഠനങ്ങളാണ് ജപ്പാനിലെ സൈതാമയിലുള്ള റിക്കൻ സെന്റർ ഫോർ ബ്രെയിൻ സയൻസിലെ ഡോ. കുമി കുറോഡയുടെ നേതൃത്വത്തിലുള്ള ഗവേഷകർ നടത്തിയത്. കരയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുന്നതിനുള്ള നാല് വ്യത്യസ്ത രീതികളാണ് ഗവേഷകർ ഉപയോഗിച്ചത്. ഇവയെ വിലയിരുത്തുന്നതിനായി വീഡിയോ റെക്കോർഡിംഗുകളും ബേബി ഹാർട്ട് മോണിറ്ററുകളും ഉപയോഗിച്ചു.

രക്ഷിതാക്കൾ തങ്ങളുടെ കുട്ടിയെ ഇരിക്കുമ്പോൾ പിടിക്കുക, ഒരു കട്ടിലിൽ കിടത്തുക, അവരെ കൈകളിൽ എടുത്ത് നടക്കുക, ഒപ്പം കുട്ടികളെ ഒരു പുഷ്‌ചെയറിൽ കിടത്തി ആട്ടുക തുടങ്ങിയവ ഗവേഷകർ ചിത്രീകരിച്ചു. കുഞ്ഞുങ്ങൾ ചലിക്കുമ്പോൾ മാത്രമേ കരച്ചിൽ കുറയുന്നുള്ളൂ എന്ന് നിരീക്ഷണങ്ങൾക്ക് ശേഷം ശാസ്ത്രജ്ഞർ കണ്ടെത്തി.

മാതാപിതാക്കൾ കരയുന്ന കുഞ്ഞിനെ എടുത്ത് അഞ്ച് മിനിറ്റ് നടക്കുന്നത് താരതമ്യേന കൂടുതൽ ഫലം നൽകുമെന്നാണ് നിഗമനം. എന്നാൽ ആ നടത്തത്തിനിടയ്ക്ക് പെട്ടെന്ന് നിൽക്കുകയോ നടക്കുന്നതിന്റെ ദിശ മാറ്റുകയോ ചെയ്യരുത്. തുടർന്ന് സാവധാനം ഇരുന്ന് അവരെ കിടത്തുന്നതിന് മുമ്പ് അഞ്ച് മുതൽ എട്ട് മിനിറ്റ് വരെ ചേർത്ത് പിടിക്കുക. പിന്നീട് പതുക്കെ കിടക്കയിലേക്ക് കിടത്തുക. അതോടെ അവർ ശാന്തരാകും എന്നാണ് കണ്ടെത്തൽ.

കുഞ്ഞിനോടൊപ്പം നിശ്ചലമായി ഇരിക്കുകയോ ഒരു കട്ടിലിൽ കിടത്തുകയോ ചെയ്യുന്നത് അവരുടെ കരച്ചിലടക്കാൻ സഹായിക്കുന്നില്ലെന്നും ഗവേഷകർ നിരീക്ഷിക്കുന്നു. അഞ്ച് മിനിറ്റോളം കുഞ്ഞുങ്ങളെ എടുത്ത് നടന്ന ശേഷം കരയുന്ന കുഞ്ഞുങ്ങളെല്ലാം കരച്ചിൽ നിർത്തുകയും പകുതിയോളം പേരും ഉറങ്ങുകയും ചെയ്തതായി ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു.

ഉറങ്ങി എന്ന് കരുതിയ ഏകദേശം മൂന്നിലൊന്ന് കുഞ്ഞുങ്ങളും വളരെ പെട്ടെന്നുതന്നെ വീണ്ടും ഉണരുന്നത് ഗവേഷക സംഘത്തിന്റെ ശ്രദ്ധയിൽപെട്ടതോടെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് കണ്ടെത്താൻ, ശാസ്ത്രജ്ഞർ ഹാർട്ട് മോണിറ്റർ ഡാറ്റ ഉപയോഗിച്ച് വീണ്ടും നിരീക്ഷണം തുടർന്നു. മാതാപിതാക്കളുമായുള്ള ശാരീരിക സമ്പർക്കം ഇല്ലാതാകുന്നതോടെ കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പ് അവരെ ഉണർത്താൻ പര്യാപ്തമാകുന്ന രീതിയിലാകുന്നു എന്നാണ് ഈ നിരീക്ഷണങ്ങൾ തെളിയിച്ചത്.

കുഞ്ഞിനെ വീണ്ടും ഉറക്കാൻ നോക്കിയെങ്കിലും സാധിക്കുമായിരുന്നില്ല. എന്നാൽ കുഞ്ഞുങ്ങൾ ഉറങ്ങിയശേഷവും അവരോടൊപ്പം അല്പസമയം ഇരിക്കുന്നതും, മാതാപിതാക്കളുടെ സാന്നിധ്യം അവർ ഉറങ്ങുന്നിടത്ത് ഉണ്ടാകുന്നതും കുട്ടികളെ ആഴത്തിലുള്ള ഉറക്കത്തിലേക്ക് നയിച്ചു. കുഞ്ഞുങ്ങളെ അവരുടെ അമ്മ എടുക്കുമ്പോൾ അവർ കൂടുതൽ ശാന്തരാകുന്നതായും മനസിലാക്കാം. 'ട്രാൻസ്‌പോർട്ട് റെസ്പോൺസ്' എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.

കുഞ്ഞുങ്ങളുടെ അമിതമായ കരച്ചിൽ, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ മാതാപിതാക്കളുടെ സമ്മർദ്ദത്തിനുള്ള പ്രധാന കാരണമാണ്. എന്നാൽ കുഞ്ഞിന് എന്ത് പറ്റിയെന്ന് ഗൗരവമായി ചിന്തിക്കാൻ തുടങ്ങുന്നതിന് ഏകദേശം 15 മിനിറ്റ് മുമ്പ് ഈ രീതിയിൽ കുഞ്ഞിനെ ഉറക്കാൻ ശ്രമിച്ചാൽ രക്ഷിതാക്കൾക്കുണ്ടാകുന്ന അനാവശ്യമായ സമ്മർദവും ഒഴിവാക്കാൻ കഴിയുമെന്നും ഡോ. കുമി കുറോഡ വിശദീകരിക്കുന്നു.

എന്തുതന്നെയായാലും ഉറക്കം നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടിയുള്ള ഒരു മാന്ത്രിക കണ്ടെത്തലാണ് ഈ പഠനമെന്നൊന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നില്ല. ജപ്പാനിലെയും ഇറ്റലിയിലെയും 21 ശിശുക്കളിൽ നടത്തിയ ഈ ഗവേഷണം മറ്റ് വലിയ പഠനങ്ങളിൽ സഹായകരമാകും എന്ന് മാത്രം. വളരെ വ്യത്യസ്തമായ പല കാരണങ്ങളാൽ കുഞ്ഞുങ്ങൾക്ക് രാത്രിയിൽ ഉറക്കം നഷ്ടപ്പെടാമെന്നാണ് ട്രെന്റോ യൂണിവേഴ്സിറ്റിയിലെ ഡെവലപ്മെന്റ് സൈക്കോളജി പ്രൊഫസറും ഈ ഗവേഷണത്തിൽ പങ്കാളിയുമായ ജിയാൻലുക്ക എസ്പോസിറ്റോ വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങൾക്ക് കരച്ചിൽ വളരെ പ്രധാനപ്പെട്ടതും സാധാരണവുമായ ആശയവിനിമയ രീതിയാണെന്ന് ബ്രസൽട്ടൺ സെന്റർ യുകെയിലെ ഡോ. ബെറ്റി ഹച്ചനും പറയുന്നു. കുഞ്ഞുങ്ങളുടെ ക്ഷീണം, അസ്വാസ്ഥ്യം, വിശപ്പ് തുടങ്ങിയ വ്യത്യസ്ത ആവശ്യങ്ങൾക്കായി അവർ വ്യത്യസ്ത രീതിയിൽ കരയാറുണ്ട്. കാലക്രമേണ മാതാപിതാക്കൾ അവരുടെ നിരീക്ഷണങ്ങളിലൂടെയും അനുഭവത്തിലൂടെയും ഓരോ കരച്ചിലിന്റെ അർത്ഥവും മനസിലാക്കും. എല്ലാ സമയത്തും കരയുന്ന കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഉത്തരമോ തന്ത്രമോ ഇല്ല. വ്യത്യസ്ത പ്രതികരണങ്ങൾ വ്യത്യസ്ത സമയങ്ങളിൽ ഉചിതമായിരിക്കുമെന്നും ഡോ. ബെറ്റി ഹച്ചൻ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.